ടൊറൻ്റോ : ലിഥിയം അയൺ പവർ ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കുമുള്ള ശൈത്യകാല നിരോധനത്തിന് അംഗീകാരം നൽകി ടൊറൻ്റോ ട്രാൻസിറ്റ് കമ്മീഷൻ (ടിടിസി). നവംബർ 15-നും ഏപ്രിൽ 15-നും ഇടയിൽ ലിഥിയം-അയൺ-പവേർഡ് മൊബിലിറ്റി ഉപകരണങ്ങളുടെ പ്രവർത്തനം, ചാർജ്ജ്, ഗതാഗതം എന്നിവ നിരോധിക്കുന്ന സ്റ്റാഫ് ശുപാർശ അംഗീകരിച്ചതായി ടിടിസി ബോർഡ് ചെയർ ജമാൽ മിയേഴ്സ് അറിയിച്ചു.

നിരോധനത്തിന് പുറമെ, സ്റ്റേഷനുകൾക്ക് സമീപം കൂടുതൽ സുരക്ഷിതമായ ഇ-ബൈക്ക് സ്റ്റോർ, ബാറ്ററി ചാർജിങ് കേന്ദ്രങ്ങൾ എന്നിവ ഒരുക്കുന്നതിനെക്കുറിച്ച് ടൊറൻ്റോ സിറ്റിയും പാർക്കിങ് അതോറിറ്റിയും പഠനം നടത്തണമെന്നും ജമാൽ മിയേഴ്സ് അഭ്യർത്ഥിച്ചു. ഇതിനായി ടിടിസി സ്റ്റാഫ്, ഫുഡ് ഡെലിവറി കമ്പനികൾ, ലേബർ യൂണിയനുകൾ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ട്രാൻസിറ്റ് നെറ്റ്വർക്കിൻ്റെ ഇ-ബൈക്ക് നിരോധനത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിന് ടൊറൻ്റോ ഫയർ, സിറ്റി, ലേബർ ഗ്രൂപ്പുകൾ, ഫുഡ് ഡെലിവറി കമ്പനികൾ എന്നിവരുമായി ചേർന്ന് കാമ്പെയ്ൻ ആരംഭിക്കുമെന്നും ജമാൽ മിയേഴ്സ് പറഞ്ഞു.
