Tuesday, October 14, 2025

ലോകത്തിലെ ഏറ്റവും മോശം വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും മോശം വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്‍ഡിഗോ. എയര്‍ലൈന്‍സ് രംഗത്തെ ക്ലെയിം പ്രോസസിങ് ഏജന്‍സിയായ എയര്‍ ഹെല്‍പ് നടത്തിയ സര്‍വേയിലാണ് ഇന്‍ഡിഗോ മോശം കമ്പനിയാണെന്ന റിപ്പോര്‍ട്ട് വന്നത്. ‘എയര്‍ഹെല്‍പ്പ് സ്‌കോര്‍ റിപ്പോര്‍ട്ട് 2024’ പ്രകാരം 109-ല്‍ 103-ാം സ്ഥാനമാണ് ഇന്‍ഡിഗോയ്ക്ക്. എയര്‍ ഇന്ത്യ 61-ാം സ്ഥാനത്തും എയര്‍ഏഷ്യ 94-ാം സ്ഥാനത്തുമാണ്.

ആഗോള ഉപഭോക്തൃ ക്ലെയിമുകള്‍, സര്‍വീസിലെ കൃത്യത, ഭക്ഷണത്തിന്റെ ഗുണനിലവാരം, ക്രൂ സേവനം, സിറ്റിങ് സൗകര്യം, എന്നിവ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 54 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ അഭിപ്രായങ്ങളാണ് എയര്‍ ഹെല്‍പ് ഉപയോഗിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്ററിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികളുടെ കൃത്യതയെക്കുറിച്ചും ഉപഭോക്തൃ പരാതികളെക്കുറിച്ചും പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ജനപ്രീയ എയര്‍ലൈന്‍ എന്ന നിലയില്‍, ഈ സര്‍വേയിലെ കണ്ടെത്തലുകള്‍ നിരാകരിക്കുന്നുവെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. കുറഞ്ഞ നിരക്കും സര്‍വീസിലെ കൃത്യതയും മികച്ച യാത്രാ അനുഭവവും ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം, ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 7.25 കോടിയിലധികം യാത്രക്കാര്‍ ഇന്‍ഡിഗോ സേവനം ഉപയോഗിച്ചു. 61.3 ശതമാനം വിപണി വിഹിതമാണ് കമ്പനി നേടിയത്. തൊട്ടുപിന്നാലെ ടാറ്റ ഗ്രൂപ്പ് നടത്തുന്ന എയര്‍ ഇന്ത്യ 1.64 കോടി യാത്രക്കാര്‍ ഉപയോഗിച്ചു. 13.9 ശതമാനം വിപണി വിഹിതമാണ് എയര്‍ ഇന്ത്യക്ക് ഉള്ളത്.

380-ലധികം വിമാനങ്ങളുള്ള എയര്‍ലൈന്‍സ് കമ്പനിയാണ് ഇന്‍ഡിഗോ. പ്രതിദിനം 2,100 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ 85 നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. 30 ലധികം അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്നുണ്ട്.അതേ സമയം ഇന്ത്യയില്‍ നിന്നുള്ള എത്ര അഭിപ്രായങ്ങള്‍ എയര്‍ഹെല്‍പ്പ് സമാഹരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇത് റിപ്പോര്‍ട്ടിന്റെ വിശ്വാസിയത ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. എയര്‍ഹെല്‍പ്പ് റിപ്പോര്‍ട്ടില്‍ ബ്രസല്‍സ് എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!