സാസ്കറ്റൂൺ : പടിഞ്ഞാറൻ സസ്കാച്വാനിലെ ചില ഭാഗങ്ങളിലും സാസ്കറ്റൂൺ നഗരത്തിലും കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ മുതൽ ആറ് മണിക്കൂർ വരെ മഞ്ഞുമഴയും 10 മുതൽ 20 സെൻ്റീമീറ്റർ (സെ.മീ.) വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.

മാർട്ടിൻസ്‌വിൽ, വാർമാൻ, ബാറ്റിൽഫോർഡ്‌സ്, ലോയ്ഡ്മിൻസ്റ്റർ എന്നിവിടങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. മുന്നറിയിപ്പ് നൽകിയ മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലും മഞ്ഞ് പ്രതീക്ഷിക്കാം. റെജൈനയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ നേരിയ മഞ്ഞ് വീഴുമെന്നും ഏകദേശം 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. മണിക്കൂറിൽ രണ്ട് സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ECCC പറയുന്നു. ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവ മഞ്ഞുമൂടിയതും വഴുവഴുപ്പുള്ളതും അപകടകരവുമാകും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.