ടൊറൻ്റോ : ഞായറാഴ്ച രാത്രി നഗരത്തിലുണ്ടായ വെടിവെപ്പിൽ യുവതി കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഡാൻഫോർത്ത്-ജോൺസ് അവന്യൂവിലെ വീട്ടിലാണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് പറയുന്നു.
സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ യുവതിയെ കണ്ടെത്തി. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് 20 വയസ് പ്രായമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായും ഒരു തോക്ക് കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കൂടുതൽ പ്രതികളില്ലെന്നും പൊലീസ് അറിയിച്ചു.