ബെർലിൻ : കിഴക്കൻ ജർമ്മൻ നഗരമായ മാഗ്‌ഡെബർഗിലെ തിരക്കേറിയ ഔട്ട്‌ഡോർ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ഭീകരാക്രമണമാണെന്ന് സംശയിക്കുന്ന കേസിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2006-ൽ ജർമ്മനിയിൽ എത്തിയ 50 വയസ്സുള്ള സൗദി ഡോക്ടറാണ് പ്രതിയെന്ന് സാക്‌സോണി-അൻഹാൾട്ടിൻ്റെ ആഭ്യന്തര മന്ത്രി തമാര സീഷാങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരുക്കേറ്റവരിൽ 15 പേരുടെ നില ഗുരുതരമാണ്. മരിച്ചതായി സ്ഥിരീകരിച്ച രണ്ട് പേർ പ്രായപൂർത്തിയായവരും പിഞ്ചുകുഞ്ഞുങ്ങളുമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും സാക്‌സോണി-അൻഹാൾട്ടിൻ്റെ ഗവർണർ റെയ്‌നർ ഹാസെലോഫ് അറിയിച്ചു.
ജർമ്മൻ തലസ്ഥാനത്തെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് ഇസ്ലാമിക തീവ്രവാദി ട്രക്ക് ഓടിച്ച് കയറ്റി 13 പേരെ കൊന്ന് എട്ട് വർഷത്തിന് ശേഷമാണ് ബെർലിൻ പടിഞ്ഞാറുള്ള സാക്സണി-അൻഹാൾട്ടിൻ്റെ സംസ്ഥാന തലസ്ഥാനമായ മാഗ്ഡെബർഗിൽ ആക്രമണം ഉണ്ടായത്.