ഓട്ടവ : രാജ്യത്തിൻ്റെ നിരവധി പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും അതിശൈത്യവും അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. എഡ്മിന്‍റൻ മുതൽ സെൻ്റ് ജോൺസ് വരെ ശൈത്യകാല കാലാവസ്ഥാ മുന്നറിയിപ്പുകളുടെ ഒരു പരമ്പരയാണ് ഏജൻസി നൽകിയിരിക്കുന്നത്.

പ്രതീക്ഷിക്കേണ്ടത് ഇതാ:
എഡ്മിന്‍റനിൽ വെള്ളിയാഴ്ച രാവിലെ മുതൽ മഞ്ഞുമഴ ആരംഭിച്ചു. റോഡിൻ്റെ അവസ്ഥ മഞ്ഞുമൂടിയതോ വഴുവഴുപ്പുള്ളതോ ആകാം. ഇത് വാഹനാപകടങ്ങൾക്കു കാരണമാകുമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ വടക്കൻ സസ്കാച്വാനിൽ അതിശൈത്യ മുന്നറിയിപ്പുകൾ നൽകി. ഉച്ചകഴിഞ്ഞ് താപനില മൈനസ് 30 ആയി ഉയരുമെങ്കിലും അതിശൈത്യം തുടരും.
തെക്കൻ ഒൻ്റാരിയോയിൽ, ഗൂസ് തടാകം മുതൽ പോർട്ട് എൽജിൻ വരെ, 20 മുതൽ 30 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കൂടാതെ കാനഡ-യു.എസ് അതിർത്തിയിൽ ഒൻ്റാരിയോ തടാകത്തിൻ്റെ തെക്കുപടിഞ്ഞാറൻ തീരത്തും (ഓക്ക്‌വിൽ മുതൽ നയാഗ്ര-ഓൺ-ദി-ലേക്ക് വരെ) രണ്ട് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉണ്ടാകും. ഗാസ്‌പെ പെനിൻസുലയുയിൽ 20 സെൻ്റീമീറ്ററിലധികം മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ പ്രവചനം. അതേസമയം നതാഷ്ക്വാൻ ഉൾപ്പെടെ കെബെക്കിന് സമീപമുള്ള തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഞ്ഞും പ്രതീക്ഷിക്കുന്നു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്, മഗ്ഡലൻ ദ്വീപുകൾ, കെയ്പ് ബ്രെറ്റൺ ദ്വീപ്, തെക്കുകിഴക്കൻ ന്യൂബ്രൺസ്വിക് എന്നിവിടങ്ങളിൽ 15-ഓ അതിലധികമോ സെൻ്റീമീറ്റർ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. മധ്യ, തെക്കൻ നോവസ്കോഷയിൽ 15 മുതൽ 30 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. 15 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 80 മുതൽ 120 കി.മീ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കുന്ന തെക്കുകിഴക്കൻ ലാബ്രഡോറിലും വടക്കൻ ന്യൂഫിൻലൻഡിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ ബാധകമാണ്. സെൻട്രൽ ന്യൂഫിൻലൻഡിൽ 10 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞും 20 മുതൽ 30 മില്ലീമീറ്ററിനും വരെ മഞ്ഞുമഴയും ഉണ്ടാകും.