ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ, ടൊറൻ്റോ എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക, 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് യാത്ര ദുഷ്കരമാക്കും. അതിനനുസരിച്ച് യാത്രാ പദ്ധതികൾ ക്രമീകരിക്കണം, എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.
തിങ്കളാഴ്ച രാവിലെ മുതൽ നഗരത്തിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ ഏതാനും സെൻ്റീമീറ്റർ ആയി ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഉച്ചയോടെ 15 സെൻ്റീമീറ്റർ വരെ ഉയരും. ജിടിഎ-യുടെ വടക്ക് ഭാഗത്തുള്ള ബാരി, ബ്രേസ്ബ്രിഡ്ജ്, ഗ്രാവൻഹർസ്റ്റ്, പാരി സൗണ്ട് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, വോൺ, റിച്ച്മണ്ട് ഹിൽ, മാർക്കം എന്നിവിടങ്ങളിൽ 10 സെൻ്റീമീറ്ററും കാലിഡൺ, നോർത്തേൺ യോർക്ക് മേഖല, ദുർഹം എന്നിവിടങ്ങളിൽ 15 സെൻ്റീമീറ്ററും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.
ക്രിസ്മസ് രാവിൽ ടൊറൻ്റോയിലും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും മഞ്ഞുമഴയ്ക്കും സാധ്യത ഉണ്ട്. ബോക്‌സിംഗ് ദിനത്തിൽ മേഘാവൃതമായ ആകാശവും ഉയർന്ന താപനില 2 ഡിഗ്രി സെൽഷ്യസും പ്രവചിക്കപ്പെടുന്നു. എന്നാൽ, വെള്ളിയാഴ്ച 5 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 6 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച 7 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും.