വൻകൂവർ : തുടർച്ചയായ മഴയും ശക്തമായ കാറ്റും കാരണം വൈദ്യുതി ലൈനുകൾ തകർത്തതോടെ ബ്രിട്ടിഷ് കൊളംബിയയിൽ ആയിരക്കണക്കിന് ആളുകൾ ക്രിസ്മസ് ദിനത്തിൽ ഇരുട്ടിലായി. ചില തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു.

ബുധനാഴ്ച ഉച്ചവരെ ഏകദേശം 6,500 ഉപയോക്താക്കൾക്ക് വൈദ്യുതി ഇല്ലെന്ന് ബിസി ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റും മഴയും തുടരുന്ന പ്രവിശ്യയുടെ നോർത്ത് കോസ്റ്റ്, സെൻട്രൽ കോസ്റ്റ്, മെട്രോ വൻകൂവറിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും വൻകൂവർ ദ്വീപിൻ്റെ കിഴക്കൻ അറ്റത്തും മുന്നറിയിപ്പുകൾ നിലവിലുണ്ട്. ബുധനാഴ്ച ഉച്ചയോടെ മെട്രോ വൻകൂവറിലും സ്ക്വാമിഷിലും 80 മില്ലിമീറ്റർ വരെ മഴ പെയ്തതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. നോർത്ത് ഷോർ, നോർത്ത് കോക്വിറ്റ്‌ലാം, മേപ്പിൾ റിഡ്ജ് എന്നിവിടങ്ങളിൽ 100 മില്ലിമീറ്റർ മഴയും പെയ്തു. കനത്ത മഴ ബോക്‌സിംഗ് ഡേ വരെ തുടരുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

വൻകൂവറിനും നാനൈമോയ്ക്കും ഇടയിലുള്ള സർവീസ് ഉൾപ്പെടെ, പ്രതികൂല കാലാവസ്ഥ കാരണം ഒന്നിലധികം റൂട്ടുകളിലെ സർവീസ് റദ്ദാക്കിയതായി ബിസി ഫെറീസ് അറിയിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും മൂലം മരങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ചതിനാൽ സ്റ്റാൻലി പാർക്ക് അടച്ചതായി വൻകൂവർ ബോർഡ് ഓഫ് പാർക്ക്‌സ് ആൻഡ് റിക്രിയേഷൻ റിപ്പോർട്ട് ചെയ്തു.