വൻകൂവർ : അമേരിക്കയിലെ ഓറിഗനിൽ പക്ഷിപ്പനി ബാധിച്ച് പൂച്ച ചത്തതിനെ തുടർന്ന് പെറ്റ് ഫുഡ് തിരിച്ചു വിളിച്ച് ഓറിഗൻ കൃഷി വകുപ്പ്. നോർത്ത് വെസ്റ്റ് നാച്ചുറൽസ് ബ്രാൻഡ് 2lb ഫെലൈൻ ടർക്കി റെസിപ്പി റോ ഫ്രോസൺ പെറ്റ് ഫുഡ് ആണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ ഫ്രോസൺ പെറ്റ് ഫുഡ് ബ്രിട്ടിഷ് കൊളംബിയയിൽ വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പെറ്റ് ഫുഡ് വാങ്ങിയവർ ഉടൻ തന്നെ ഉപേക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പെറ്റ് ഫുഡിൽ കണ്ടെത്തിയ അതേ H5N1 പക്ഷിപ്പനി വൈറസ് പൂച്ചയെ ബാധിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചതായി ഓറിഗൻ കൃഷി വകുപ്പ് അറിയിച്ചു. വീടിനുള്ളിൽ വളർത്തുന്ന ഈ പൂച്ച മറ്റൊരു തരത്തിലും വൈറസുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് ഡിപ്പാർട്ട്മെൻ്റിലെ സ്റ്റേറ്റ് വെറ്ററിനറി ഡോക്ടർ റയാൻ ഷോൾസ് പറഞ്ഞു. പെറ്റ് ഫുഡുമായി ബന്ധപ്പെട്ട് മനുഷ്യർക്ക് പക്ഷിപ്പനി ബാധിച്ചതായി നിലവിൽ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. എന്നാൽ, പൂച്ച ചത്ത വീട്ടിലെ എല്ലാവരെയും നിരീക്ഷിച്ചു വരികയാണെന്നും റയാൻ ഷോൾസ് അറിയിച്ചു. യുഎസിൽ, അരിസോന, കാലിഫോർണിയ, കൊളറാഡോ, ഫ്ലോറിഡ, ജോർജിയ, മേരിലാൻഡ്, മിഷിഗൻ, മിനസോട, പെൻസിൽവേനിയ, റോഡ് ഐലൻഡ്, വാഷിംഗ്ടൺ സ്റ്റേറ്റ് എന്നിവിടങ്ങളിൽ ഫെലൈൻ ടർക്കി റെസിപ്പി റോ ഫ്രോസൺ പെറ്റ് ഫുഡ് വിറ്റിട്ടുണ്ട്.

അതേസമയം, പുതുവർഷത്തിൽ കാനഡയിലെ പ്രധാന ആശങ്കകളിൽ ഒന്നാണ് പക്ഷിപ്പനിയെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഓഫ് കാനഡ ഡോ. തെരേസ ടാം പറയുന്നു. ഫാം തൊഴിലാളികളും വീട്ടുമുറ്റത്ത് പക്ഷികളെ വളർത്തുന്നവരും കർശനമായി പക്ഷിപ്പനി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് അവർ നിർദ്ദേശിച്ചു. ബ്രിട്ടിഷ് കൊളംബിയയിൽ കാനഡയിൽ ആദ്യമായി ഒരു മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അണുബാധിതനായ കൗമാരക്കാരന് വൈറസ് ബന്ധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡോ. തെരേസ ടാം അറിയിച്ചു.
