ടൊറൻ്റോ : കൊച്ചുമോന്റെ വിവാഹമാമാങ്കത്തിനായി അപ്പാപ്പനും കൂട്ടരും ഒരിക്കൽക്കൂടി അരങ്ങിലെത്തിയപ്പോൾ വഴിയൊരുങ്ങിയത് പുതിയൊരു ചരിത്രത്തിനാണ്. സിനിമയെ സ്നേഹിക്കുന്ന, സിനിമ സ്വപ്നം കാണുന്ന ഒരു പറ്റം കലാപ്രതിഭകൾ വേദിയിൽ തകർത്തഭിനയിച്ചപ്പോൾ വിളിച്ചറിയച്ചത് കനേഡിയൻ മണ്ണിലെ മലയാളിപ്രതിഭാ സാന്നിധ്യം. കടൽ കടന്ന പ്രതിഭകൾക്ക് അവസരങ്ങളുടെ വേദിയൊരുക്കുകയെന്ന ലെവിറ്റേറ്റ് എന്റർടെയ്ൻമെൻ്റിന്റെ വലിയ സ്വപ്നത്തിന് അടിവരയിടുന്നതായി അപ്പാപ്പനും മോനും സീസൺ ത്രീയിലൂടെ ഒരുക്കിയ കലാവിരുന്ന്.
സോഷ്യൽ മീഡിയ താരങ്ങളുൾപ്പെടെ നിരവധി പേരാണ് സീസൺ ത്രീയിൽ സ്കാർബ്റോയിലെ ചൈനീസ് കൾച്ചറൽ സെന്ററിലെ വേദിയിലെത്തിയത്. കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത് റിട്ട. കേണൽ ബഞ്ചമിൻ എന്ന അപ്പാപ്പനായി വീണ്ടും നിറഞ്ഞാടിയ ജയദേവ് വേണുഗോപാൽ എന്ന ജെഡി ലൈവ് ഷോയിൽ സുരേഷ് ഗോപിയുടെ വേഷവുമണിഞ്ഞു. കൊച്ചുമകൻ ആൻഡ്രുവിന്റെ വേഷത്തിൽ അമർജിത് സജിയും പതിവുപോലെ തിളങ്ങി. കൊച്ചുമകന്റെ വധു ലെയ്ല ഡിക്കോത്തയായി ജയറാണി ജയിംസും അപ്പാപ്പന്റെ ഭാര്യ ഏലിക്കുട്ടിയായി ടെസ മരിയ മാത്യുവും എത്തി. സഞ്ജയ് അജിത് ജോൺ (ഫിലിപ്പ് ഡികോത്ത), അലീന തോമസ് (ഷിർലി ഡിക്കോത്ത), മേഘ ജോസ് പുതുശേരി (റാണി), സൂര്യ സണ്ണി (ഡെയ്സി ഫ്രാൻസിസ്), വിവേക് കോശി മാത്യു (ഫാ. ജോസ്), ജിബീഷ് ഗോപകുമാർ (കുളത്തിൽ ജോയ്), ബ്രയൻ റെബെയ്റോ (മാത്യൂസ്), ആൻസിൽ പോൾ (മെറിൻ രാജ്), മനു രാജൻ (സാം) എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ
ഋക്ഥയുടെ നേതൃത്വത്തിൽ സാത്വിക ടീം, ലിയാന്റെ നേതൃത്വത്തിൽ ടിഡി ഗ്രൂവേഴ്സ്, ഗിരിയുടെ നേതൃത്വത്തിൽ സൗത്ത് സൈഡ് എന്നിവർക്കു പുറമെ ലിനുവിന്റെ നേതൃത്വത്തിലുള്ള നർത്തകരും കൂടി എത്തിയതോടെ ഇക്കുറി അരങ്ങിലെത്തിയത് നൂറോളം പേർ. ഫറാസ് മുഹമ്മദ്, രംഗി, അനിറ്റ, ലെന, മരിയ നികിത, ആൻസി ഏബ്രഹാം, ജെഫി ജോൺസൺ സന്ദീപ് രാജ്കുമാർ, വെൽമ ഡോൺസൺ, ആദർശ് എസ്. നായർ തുടങ്ങിയവരാണ് ഷോയുടെ അമരക്കാരും പിന്നണിക്കാരും.
സ്മോൾ ബിസിനസ് ഫെഡറൽ മന്ത്രി റിച്ചി വാൽഡെസ്, ഒൻ്റാരിയോ ഹൗസിങ് അസോഷ്യേറ്റ് മിനിസ്റ്റർ വിജയ് തനിഗസലെം, ഇന്ത്യയുടെ ടൊറൻ്റോയിലെ ആക്ടിങ് കോൺസൽ ജനറൽ ഗിരീഷ്കുമാർ ജുനേജ, ഒൻ്റാരിയോ ഹ്യൂമൻ റൈറ്റ്സ് കമ്മിഷണർ റാൻഡൽ ആർസനോൾട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഇവർക്കും മെഗാസ്പോൺസർ റിയൽറ്റർ ജെഫിൻ ജോസഫിനും മറ്റു സപ്പോർട്ടർമാർക്കും, ഷോ ഒരുക്കിയ ജെഡിക്കും ലെവിറ്റേറ്റ് എന്റർടെയ്ൻമെൻ്റ് സിഇഒ: ജെറിൻ രാജ് ഉപഹാരങ്ങൾ സമ്മാനിച്ചു.
ഇരുപത് വർഷത്തിന് ശേഷം അപ്പാപ്പനെ ടൊറൻ്റോയിൽ വരവേൽക്കുന്ന കൊച്ചുമോന്റെ കഥയിലൂടെ രണ്ടു തലമുറകളുടെ ഹാസ്യാത്മകമായ ദൃശ്യവിഷ്കാരമായിരുന്നു ആദ്യ സീസൺ. ഇരുവരും ഒരു പ്രേതഭവനത്തിൽ എത്തപ്പെട്ടതുമായി ബന്ധപ്പെട്ടതായിരുന്നു സീസൺ രണ്ടിലെ കഥ. നാട്ടിൽ നിന്നെത്തിയ അപ്പാപ്പനും കൊച്ചുമോനും മാത്രമായിരുന്നു ആദ്യ സീസണിലെ പ്രധാന അഭിനേതാക്കളെങ്കിൽ ഒരു പ്രേതകഥയിൽ എട്ട് പേരാണ് വിവിധ വേഷങ്ങളിലെത്തിയത്.
അപ്പാപ്പനും മോനും മൂന്നാം സീസണു മുന്നോടിയായി ക്രിസ്മസ് മാർക്കറ്റും തുടർന്ന് വല്ലാടൻ ലൈവിന്റെ ഡിജെയുമൊരുക്കിയിരുന്നു. ടൊറൻ്റോയിൽ സെപ്റ്റംബറിൽ സംഘടിപ്പിച്ച മഹാഓണത്തിന്റെയും അപ്പാപ്പനും മോനും ഒന്നും രണ്ടും സീസണുകളുടെയും ഹൈലൈറ്റ്സും വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. മറ്റൊരു വിജയകരമായ ഷോയ്ക്കൊടുവിൽ ടീം ലെവിറ്റേറ്റ് പുതുവർഷത്തിലേക്ക് കടക്കുന്നത് കലാ, സാംസ്കാരിക, ആഘോഷ മേഖലകളിൽ കൂടുതൽ വ്യത്യസ്തമായ വിഭവങ്ങളൊരുക്കുമെന്ന വിളംബരത്തോടെയാണ്.