ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ചാറ്റ് ജിപിടി, ഡീപ് സിക്ക്, ജെമിനി പോലുള്ള എ ഐ സാങ്കേതിക വിദ്യാ ടൂളുകള്‍ ഉപയോഗിക്കരുതെനന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ധനകാര്യ മന്ത്രാലയം. സര്‍ക്കാര്‍ രേഖകളിലും മറ്റുമുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോരുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം.

ഓഫീസ് കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലുമുള്ള ChatGPT, DeepSeek തുടങ്ങിയ AI ടൂളുകളും AI ആപ്പുകളും സര്‍ക്കാര്‍ രേഖകളുടെയും ഡോക്യുമെന്റുകളുടെയും രഹസ്യസ്വഭാവത്തിന് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തി എന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിന് തെളിവാണ് 2025 ജനുവരി 29 ന് പുറത്തിറക്കിയ ധനമന്ത്രാലയത്തിന്റെ അഡൈ്വസറി റിപ്പോര്‍ട്ട് പിറ്റേദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതെന്നും ധനമന്ത്രാലയം റോയിട്ടേഴ്‌സിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍ ബുധനാഴ്ച ഇന്ത്യയിലെത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണുവുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചക്ക് ശേഷം എഐ സാങ്കേതിക വിദ്യയുടെ അവിശ്വസനീയമായ വിപണിയാണ് ഇന്ത്യയെന്ന് സാം ആള്‍ട്ട്മാന്‍ പറഞ്ഞു.