കൊച്ചി:കലൂര്‍ സ്റ്റേഡിയത്തിലേ അപകടത്തില്‍ ഇന്നലെ അറസ്റ്റിലായ പ്രതി നിഗോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കലൂര്‍ സ്റ്റേഡിയത്തിലെ വിവാദ നൃത്തപരിപാടിയുടെ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയാണ് നിഗോഷ് കുമാര്‍.
കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിഗോഷ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ ഓസ്‌ക്കാര്‍ ഇവെന്റ്‌സ് ഉടമ ജെനീഷ് ഇതുവരെ ഹാജരായിട്ടില്ല. പ്രതികളുടെ സാമ്പത്തിക സ്രോതസുകള്‍ കേന്ദ്രികരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
അതേസമയം അപകടത്തില്‍ പരുക്കേറ്റ എംഎല്‍എ ഉമ തോമസ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. തലയിലെ പരുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങി. കൈകാലുകള്‍ നന്നായി അനക്കുന്നുണ്ട്. ഉമ തോമസ് ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇതിനിടെ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.