Saturday, October 25, 2025

വീണ്ടും ജനവിധി തേടില്ല: മുന്‍ മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ

ഓട്ടവ : അടുത്ത ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ പൊതു സുരക്ഷ, കുടിയേറ്റ മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ. 2015 മുതല്‍ എഗ്ലിന്റണ്‍-ലോറന്‍സ് റൈഡിങിനെ പ്രതിനിധീകരിക്കുന്ന മാര്‍ക്കോ മെന്‍ഡിസിനോ അടുത്ത തിരഞ്ഞെടുപ്പ് വരെ താന്‍ പാര്‍ലമെന്റ് അംഗമായി തുടരുമെന്നും പറഞ്ഞു. മുന്‍ ഭവനമന്ത്രി ഷോണ്‍ ഫ്രേസര്‍ ഉള്‍പ്പെടെ ആറ് കാബിനറ്റ് മന്ത്രിമാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫെഡറല്‍ രാഷ്ട്രീയം വിടാനുള്ള മെന്‍ഡിസിനോയുടെ തീരുമാനം.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ വിദേശനയത്തോടുള്ള വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ച അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് സ്ഥാനം ഉണ്ടാകണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലുമായുള്ള ബന്ധം വഷളായതും ഗാസയിലെ പ്രതിസന്ധി മറികടക്കാന്‍ അപര്യാപ്തമായ ഇടപെടല്‍ അടക്കം ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിലവിലെ വിദേശ നയത്തെക്കുറിച്ച് താന്‍ വിയോജിക്കുന്നു, മുന്‍ മന്ത്രിയുടെ പ്രസ്താവന തുടരുന്നു.

ലിബറല്‍ സ്ഥാനാര്‍ത്ഥി ആകുന്നതിന്റെ ആദ്യപടിയായി ലിബറല്‍ നേതൃത്വ സ്ഥാനത്തേക്ക് ജസ്റ്റിന്‍ ട്രൂഡോയുടെ നാമനിര്‍ദ്ദേശത്തെ പിന്തുണച്ച ഈവ് ആഡംസിന്റെ ലിബറല്‍ നോമിനേഷനെ നേരിട്ടാണ് ഈ മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ 2015-ല്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മെന്‍ഡിസിനോ നോമിനേഷനില്‍ വിജയിക്കുകയും 2015-ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ ധനമന്ത്രി ജോ ഒലിവറിനെ പരാജയപ്പെടുത്തുകയും ചെയ്തു. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷം, മെന്‍ഡിസിനോ ഇമിഗ്രേഷന്‍ മന്ത്രിയായി, തുടര്‍ന്ന് 2021-ല്‍ പൊതു സുരക്ഷാ മന്ത്രിയായി.

തോക്കുകളുടെ നിയമനിര്‍മ്മാണം, കുപ്രസിദ്ധ കൊലയാളിയും അപകടകാരിയുമായ പോള്‍ ബെര്‍ണാര്‍ഡോയുടെ ജയില്‍ മാറ്റം, അടിയന്തരാവസ്ഥ നിയമം നടപ്പിലാക്കല്‍ എന്നിങ്ങനെ പൊതു സുരക്ഷാ മന്ത്രി എന്ന നിലയില്‍ വിവാദങ്ങളും അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. തുടര്‍ന്ന് മുന്‍ നീതിന്യായ മന്ത്രി ഡേവിഡ് ലാമെറ്റിക്കൊപ്പം 2023 ജൂലൈയില്‍ മെന്‍ഡിസിനോയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!