ഹാലിഫാക്സ് : പുതുവത്സരദിനത്തിൽ നഗരത്തിൽ നടന്ന മൂന്ന് മരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഹാലിഫാക്സ് പൊലീസ്. അവയിൽ രണ്ടെണ്ണം അടുത്ത പങ്കാളിയുടെ അക്രമത്തിൻ്റെ ഫലമായുണ്ടായ കൊലപാതകങ്ങളാണെന്ന് അധികൃതർ വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി 10:35 ഓടെ ഗോട്ടിംഗൻ സ്ട്രീറ്റിലെ 2400 ബ്ലോക്കിൽ കാറിനുള്ളിൽ ഒരു യുവതിയെ മരിച്ചനിലയിലും വയോധികനെ ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തി. ഇരുവർക്കും വെടിയേറ്റിരുന്നതായി പൊലീസ് അറിയിച്ചു. വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ബുധനാഴ്ച പുലർച്ചെ 1:30 ഓടെ, കൊല്ലപ്പെട്ടവരുമായി ബന്ധമുള്ള ഒരാൾ ഹാലിഫാക്സ് കോമൺ പ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചതായി ഹാലിഫാക്സ് റീജനൽ പൊലീസ് പറയുന്നു. സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
കാറിൽ കണ്ടെത്തിയത് 40 വയസ്സുള്ള കോറ ലീ സ്മിത്തും 73 വയസ്സുള്ള ബ്രാഡ്‌ഫോർഡ് ഡൗണിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാലിഫാക്‌സ് കോമണിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾ 39 വയസ്സുള്ള മാത്യു കോസ്റ്റൈൻ ആണെന്നും ഇയാൾക്ക് കോറ ലീ സ്മിത്തുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. മരണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 902-490-5020 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹാലിഫാക്സ് റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.