നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപ് ഇറാനെ ആക്രമിക്കാൻ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇറാൻ ആണവായുധ പരീക്ഷണവുമായി മുന്നോട്ടുപോയാൽ അവരുടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനായിരുന്നു പദ്ധതി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ ആണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രസിഡന്റ് ജോ ബൈഡനു മുന്നിൽ അവതരിപ്പിച്ചത്.
ഒരു മാസം മുൻപാണ് ബൈഡനും സള്ളിവനും തമ്മിൽ ആക്രമണ പദ്ധതികൾ ചർച്ച ചെയ്തത്. എന്നാൽ, ഇതേക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇറാൻ പുതിയതായി ആണവ പരീക്ഷണം നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലല്ല ആക്രമണവുമായി ബന്ധപ്പെട്ട ആലോചനയുണ്ടായത്. ആണവ പദ്ധതികൾ സജീവമാക്കുകയാണെങ്കിൽ തിരിച്ചടി നൽകാനുള്ള പദ്ധതികളെ കുറിച്ചു ചർച്ച ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.