കീവ്:യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക പൈപ്പ് ലൈന്‍ കരാര്‍ യുക്രെയ്ന്‍ അവസാനിപ്പിച്ചു. യുക്രെയ്ന്റെ നടപടി റഷ്യയെ ലക്ഷ്യമിട്ടാണെങ്കിലും അത് യൂറോപ്പിനെയും വലിയ തോതില്‍ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും പഴയ വാതക പൈപ്പ് ലൈനുകളിലൊന്നായ സുദ്ഷ പൈപ്പ് ലൈന്‍ വഴിയുള്ള കരാറാണ് യുക്രെയ്ന്‍ അവസാനിപ്പിച്ചത്.
എണ്‍പതുകളില്‍ പശ്ചിമ യൂറോപ്പുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പല വാതകപൈപ്പ് ലൈന്‍ ശൃംഖലകള്‍ക്ക് തുടക്കമിട്ടിരുന്നു സോവിയറ്റ് യൂണിയന്‍. ഈ ശൃംഖലകളിലൊന്നിന്റെ ഭാഗമായിരുന്നു സുദ്ഷ പൈപ്പ് ലൈന്‍. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ യുക്രെയ്ന്‍ സ്വതന്ത്ര രാജ്യമായി. അപ്പോഴും ഇത് വഴിയുള്ള വാതക വിതരണത്തിന് തടസ്സമുണ്ടായിരുന്നില്ല. ഇതിനായി റഷ്യ യുക്രെയ്ന് ട്രാന്‍സിറ്റ് ഫീസും നല്കി വരുന്നുണ്ടായിരുന്നു. എന്നാല്‍ റഷ്യ – യുക്രെയ്ന്‍ ബന്ധം വഷളായി തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. 2014ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതോടെ മറ്റൊരു പ്രധാന പൈപ്പ് ലൈന്‍ പദ്ധതിയായിരുന്ന സോയുസ് യുക്രെയ്ന്‍ അടച്ചു പൂട്ടിയിരുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ ബലാറസിലൂടെയുള്ള യമാല്‍ യൂറോപ്പ് പൈപ്പ് ലൈനും ബാള്‍ട്ടിക് സമുദ്രത്തിലൂടെയുള്ള നോര്‍ഡ് സ്ട്രീം പൈപ്പ് ലൈനും പൂട്ട് വീണിരുന്നു. ശേഷിച്ച രണ്ട് വാതക പൈപ്പ് ലൈനുകളായിരുന്നു സുദ്ഷയും കരിങ്കടലിലൂടെയുള്ള ടര്‍ക് സ്ട്രീമും.
ടര്‍ക് സ്ട്രീമിലൂടെ പരിമിതമായ അളവില്‍ മാത്രമെ വാതകം കൊണ്ടു പോകാന്‍ സാധിക്കൂ എന്നതിനാല്‍ സുദ്ഷ വഴിയായിരുന്നു യൂറോപ്പിലേക്ക് പ്രധാനമായും ഗ്യാസെത്തിയിരുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് തൊട്ടു മുന്‍പായിരുന്നു വാതകം കൊണ്ടു പോകുന്നതിനുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയത്.ഈ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. അതോടെയാണ് കരാര്‍ ഇനി തുടരേണ്ടതില്ലെന്ന് യുക്രെയ്ന്‍ തീരുമാനത്തിലെത്തിയത്.തങ്ങളുടെ രക്തത്തില്‍ ചവിട്ടിയുള്ള ഈ വ്യാപാരം ഇനി തുടരേണ്ടെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചത്.
യുക്രെയ്നിന്റെ തീരുമാനം റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. യുദ്ധത്തിന് മുന്‍പ് യൂറോപ്പിന് ആവശ്യമായ വാതകത്തിന്റെ 40 ശതമാനവും നല്കിയിരുന്നത് റഷ്യയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ അത് എട്ട് ശതമാനമായി കുറഞ്ഞു. സുദ്ഷ പൈപ്പ് ലൈന്‍ അടച്ചു പൂട്ടിയതോടെ ഇത് വീണ്ടും കുറയും. ഇത് റഷ്യയുടെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ധനം വാങ്ങുന്നത് അമേരിക്ക, നോര്‍വ്വെ, ഖത്തര്‍ എന്നി രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. അപ്പോഴും സ്ലൊവാക്യ , ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള വാതക പൈപ്പ് ലൈനിനെയാണ് ആശ്രയിച്ചിരുന്നത്. നിലവിലെ പ്രതിസന്ധി മുന്നില്‍ക്കണ്ട് ഒടുവില്‍ ഓസ്ട്രിലയയും അടുത്തിടെ മറ്റ് വിപണികള്‍ തേടിയിരുന്നു.എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പുടിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് സ്ലൊവക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ. അത് കൊണ്ട് തന്നെ യുക്രെയ്നിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഫിക്കോ രംഗത്തെത്തിയിട്ടുണ്ട്.