Friday, October 17, 2025

പവർസ്‌കൂൾ സൈബർ ആക്രമണം: പ്രതിസന്ധിയിൽ കാനഡയിലെ സ്കൂൾ ബോർഡുകൾ

PowerSchool data breach has hit at least 80 Canadian school boards

ഓട്ടവ : അഡ്മിനിസ്ട്രേഷൻ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം പവർസ്‌കൂളിലുണ്ടായ സൈബർ ആക്രമണം കാനഡയിലെ നിരവധി സ്കൂൾ ബോർഡുകളെ ബാധിച്ചതായി റിപ്പോർട്ട്. ഏഴ് പ്രവിശ്യകളിലും ഒരു ടെറിട്ടറിയിലുമുള്ള എൺപതിലധികം സ്‌കൂൾ ബോർഡുകളെ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. പേരുകൾ, വിലാസങ്ങൾ, ഹെൽത്ത് കാർഡ് നമ്പറുകൾ, മെഡിക്കൽ വിവരങ്ങൾ അടക്കം വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ മോഷ്ടിച്ചതായി കരുതുന്നു. 2024 ഡിസംബർ 19-നും 23നും ഇടയിലാണ് സൈബർ ആക്രമണം നേരിട്ടതെന്നും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ചോർന്നതായി യു.എസ് ആസ്ഥാനമായുള്ള PowerSchool അറിയിച്ചു. എല്ലാ അക്കൗണ്ടുകൾക്കും പാസ്‌വേഡും ആക്‌സസ് നിയന്ത്രണവും കർശനമാക്കിയതായി കമ്പനി വക്താവ് അറിയിച്ചു. പവർസ്‌കൂളിൻ്റെ ‘സ്റ്റുഡൻ്റ് ഇൻഫർമേഷൻ സിസ്റ്റ’ത്തിലെ കുടുംബങ്ങൾക്കും അധ്യാപകർക്കും വേണ്ടിയുള്ള കോൺടാക്റ്റ് വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റയാണ് ഹാക്കർമാർ ലക്ഷ്യമിട്ടിരുന്നതെന്ന് കമ്പനി പറയുന്നു.

ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, ഒൻ്റാരിയോ, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളെയും നോർത്ത് വെസ്റ്റ് ടെറിറ്ററീസിനെയും സൈബർ ആക്രമണം ബാധിച്ചതായി വിവിധ ഉദ്യോഗസ്ഥരും സ്കൂൾ ബോർഡുകളും അറിയിച്ചു. അതേസമയം കെബെക്ക്, ന്യൂബ്രൺസ്വിക്, നൂനവൂട്ട്, ബ്രിട്ടിഷ് കൊളംബിയ, യൂകോൺ എന്നിവിടങ്ങളിലെ സ്കൂൾ ബോർഡുകളെ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ഒൻ്റാരിയോയിലെ ഏറ്റവും വലിയ രണ്ട് സ്കൂൾ ബോർഡുകളായ ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നിവിടങ്ങളിലെ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെ സൈബർ ആക്രമണം ബാധിച്ചതായി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളിലെ എന്ന എല്ലാ സ്കൂൾ ബോർഡുകളും സൈബർ ആക്രമണം നേരിട്ടതായി വിദ്യാഭ്യാസ മന്ത്രാലയങ്ങൾ അറിയിച്ചു. സസ്കാച്വാൻ, നോവസ്കോഷ പ്രവിശ്യകളിലെ ഓരോ സ്കൂൾ ബോർഡുകളെ മാത്രമേ പ്രശ്നം ബാധിച്ചിട്ടുളളൂ. യഥാക്രമം പ്രേരി സ്പിരിറ്റ് സ്കൂൾ ഡിവിഷൻ, കെയ്പ് ബ്രെറ്റൺ -വിക്ടോറിയ റീജനൽ സെൻ്റർ ഫോർ എജ്യുക്കേഷൻ എന്നിവയാണ് ബാധിത സ്കൂൾ ഡിവിഷനുകൾ. അതേസമയം നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ അഞ്ച് സ്കൂൾ ബോർഡുകളെ പവർസ്‌കൂളിലുണ്ടായ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. യെല്ലോ നൈഫ് എജ്യുക്കേഷൻ ഡിസ്ട്രിക്ട് നമ്പർ 1, കാത്തലിക് സ്കൂൾ ഡിവിഷൻ, ബ്യൂഫോർട്ട് ഡെൽറ്റ ഡിവിഷൻ എജ്യുക്കേഷൻ കൗൺസിൽ, ഡെഹ്‌ചോ ഡിവിഷണൽ എജ്യുക്കേഷണൽ കൗൺസിൽ, സൗത്ത് സ്ലേവ് ഡിവിഷണൽ എജ്യുക്കേഷൻ കൗൺസിൽ എന്നിവയാണ് ആ ബോർഡുകൾ.

ബ്രാൻഡൻ സ്കൂൾ ഡിവിഷൻ, ഫ്ലിൻ ഫ്ലോൺ സ്കൂൾ ഡിവിഷൻ, ലൂയിസ് റിയൽ സ്കൂൾ ഡിവിഷൻ, സീൻ റിവർ സ്കൂൾ ഡിവിഷൻ എന്നിവ അടക്കം മാനിറ്റോബയിലെ കുറഞ്ഞത് 21 സ്‌കൂൾ ഡിവിഷനുകളെ സൈബർ ആക്രമണം ബാധിച്ചതായി പ്രവിശ്യ വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. എത്ര സ്‌കൂൾ ബോർഡുകളെ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് ആൽബർട്ട അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാൽഗറി ബോർഡ് ഓഫ് എജ്യുക്കേഷൻ, എഡ്മിന്‍റൻ കാത്തലിക് സ്‌കൂൾ ഡിവിഷൻ, റെഡ് ഡീർ പബ്ലിക് സ്‌കൂളുകൾ, മെഡിസിൻ ഹാറ്റ് കാത്തലിക് ബോർഡ് ഓഫ് എജ്യുക്കേഷൻ, മെഡിസിൻ ഹാറ്റ് പബ്ലിക് സ്കൂൾ ഡിവിഷൻ എന്നിവയുൾപ്പെടെയുള്ള സ്‌കൂൾ ബോർഡുകൾ അവരുടെ വെബ്‌സൈറ്റുകളിൽ അറിയിപ്പുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!