ടൊറൻ്റോ : ആദ്യ മലയാളി കനേഡിയൻ എംപി ജോ ഡാനിയേൽ (70) അന്തരിച്ചു. ടൊറൻ്റോ ഡോൺ വാലി ഈസ്റ്റ് റൈഡിങ്ങിനെ പ്രതിനിധീകരിച്ച് 2011 മുതൽ 2015 വരെ ഹൗസ് ഓഫ് കോമൺസ് ഓഫ് കാനഡയിലെ കൺസർവേറ്റീവ് അംഗമായിരുന്നു അദ്ദേഹം. തിരുവല്ല കോയിപ്പുറം കുമ്പനാട് മട്ടക്കൽ കോശിയുടെയുംചിന്നമ്മ ഡാനിയേലിൻ്റെയും മകനാണ്. സംസ്കാരം ജനുവരി 30-ന് ഒൻ്റാരിയോയിലെ വിൻസറിൽ നടന്നു.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ജനിച്ച ജോ ഇംഗ്ലണ്ടിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഇലക്‌ട്രോണിക്‌സ് ബിരുദം നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഊട്ടിയിലാണ് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1987-ൽ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം കനേഡിയൻ ആംഡ് ഫോഴ്‌സിനായുള്ള EH101 പ്രോഗ്രാമിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 1995-ൽ ടൊറൻ്റോയിലേക്ക് മാറിയ ജോ ഡാനിയേൽ സെലസ്റ്റിക്കയിൽ 14 വർഷം ജോലി ചെയ്യുകയും ചെയ്തു. ഹംബർ, സെൻ്റിനിയൽ കോളേജുകളിൽ പാർട്ട് ടൈം പ്രൊഫസറായിരുന്ന ജോ, ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയെക്കുറിച്ച് നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2011-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ടൊറൻ്റോ ഡോൺ വാലി ഈസ്റ്റ് റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി മത്സരിച്ച ജോ ഡാനിയേൽ ലിബറൽ സ്ഥാനാർത്ഥി യാസ്മിൻ രത്താൻസിയെ 870 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കനേഡിയൻ പാർലമെൻ്റിൻ്റെ ഹ്യൂമൻ റിസോസ്‌ഴ്‌സ് ആൻഡ് സ്‌കിൽ ഡെവലെപ്മെൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നാച്ചുറൽ റിസോസ്‌ഴ്‌സ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു.