Monday, October 13, 2025

വാരാന്ത്യ കാലാവസ്ഥാ പ്രവചനം: കാനഡയിൽ അതിശൈത്യവും കൊടുങ്കാറ്റും മഴയും

Weekend weather forecast; Wintry, wet conditions plague Canadian regions

ഓട്ടവ : വാരാന്ത്യത്തിൽ കാനഡയിലുടനീളം അതിശൈത്യവും കൊടുങ്കാറ്റും കനത്ത മഴയും അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. ശീതകാല കാലാവസ്ഥ നിരവധി പ്രവശ്യകളെയും ടെറിട്ടറികളെയും ബാധിക്കും.

ആൽബർട്ട, മാനിറ്റോബ, സസ്കാച്വാൻ പ്രവിശ്യകളിൽ അതിശൈത്യകാലാവസ്ഥ അനുഭവപ്പെടും. ആൽബർട്ടയിലെ വടക്കൻ കമ്മ്യൂണിറ്റികളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടും. ഗ്രാൻഡ് പ്രേരി ഉൾപ്പെടെ പടിഞ്ഞാറൻ ആൽബർട്ടയിലും എഡ്മിന്‍റൻ പോലുള്ള മധ്യ നഗരങ്ങളിലും 15 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ച രാത്രി മുഴുവൻ തുടരുമെന്നും ശനിയാഴ്ച രാവിലെ കുറയുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

വടക്കൻ മാനിറ്റോബയിൽ, ബ്രോഷെറ്റ്, ലീഫ് റാപ്പിഡ്‌സ് പോലുള്ള പ്രദേശങ്ങളിൽ കാറ്റിനൊപ്പം തണുപ്പ് മൈനസ് 45 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. അതേസമയം ക്ലഫ് ലേക്ക് മൈൻ, സീബീ മൈൻ എന്നിവയുൾപ്പെടെ സസ്കാച്വാൻ്റെ വടക്കൻ ഭാഗങ്ങളിലും താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസായിരിക്കും. റെജൈന, സാസ്കറ്റൂൺ മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

ന്യൂനമർദ്ദം മൂലം മെട്രോ വൻകൂവറിൻ്റെ വടക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ ഫ്രേസർ വാലിയിലും വെള്ളിയാഴ്ച 50 മില്ലിമീറ്റർ വരെ മഴ പെയ്യും. വെള്ളിയാഴ്‌ച രാത്രിയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ കാറ്റ് പ്രതീക്ഷിക്കുന്ന കെലോവ്ന, കിൻബാസ്കറ്റ്, ട്രാൻസ്-കാനഡ ഹൈവേയിലും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒൻ്റാരിയോ, കെബെക്ക്

വടക്കൻ ഒൻ്റാരിയോയിൽ, വെള്ളിയാഴ്ച രാവിലെ കാറ്റിനൊപ്പം താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും തുടർന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലോവർ ഗ്രേറ്റ് ലേക്ക്‌സിലും ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. വടക്കൻ കെബെക്കിൽ സമാനമായ അവസ്ഥ വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിനൊപ്പം തണുപ്പ് മൈനസ് 38 ഡിഗ്രി സെൽഷ്യസിൽ എത്തുകയോ അതിലധികമോ ആകും.

കിഴക്കൻ തീരത്ത് മഞ്ഞുവീഴ്ച

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ബുറിൻ പെനിൻസുല, സതേൺ അവലോൺ പെനിൻസുല എന്നിവിടങ്ങളിലും പ്രവിശ്യയുടെ പടിഞ്ഞാറൻ തീരത്തും 15 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന പടിഞ്ഞാറൻ കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും ചേരുമ്പോൾ വിസിബിലിറ്റി കുറയുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

cansmiledental

ടെറിട്ടറികൾ

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറിൽ 70 കി.മീ വേഗത്തിൽ ശക്തമായ പടിഞ്ഞാറൻ കാറ്റും പ്രതീക്ഷിക്കുന്നു. ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും വിസിബിലിറ്റി പൂജ്യമായി കുറയും. വെള്ളിയാഴ്‌ച വൈകിട്ട് മഞ്ഞുവീഴ്ച കുറയുമെങ്കിലും ശനിയാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയും വാരാന്ത്യത്തിലുടനീളം തുടരുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

നൂനവൂട്ടിലെ ക്ലൈഡ് റിവർ മേഖലയിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. കൂടാതെ കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാത്രിയോടെ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും ശമനമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!