ടൊറൻ്റോ : ഒൻ്റാരിയോയുടെ 44-ാമത് പൊതുതിരഞ്ഞെടുപ്പിൽ ഡഗ് ഫോർഡ് നയിക്കുന്ന പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സർവേ റിപ്പോർട്ട്. വിവിധ സർവേ പ്രകാരം ഒൻ്റാരിയോയിൽ തുടർച്ചയായ മൂന്നാം ഭരണത്തിലേക്കാണ് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ചുവടുവെക്കുന്നത്. 2026 ജൂണിലാണ് പ്രവിശ്യ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണിയെ തുടർന്ന് ഫെബ്രുവരി 27-ന് പ്രവിശ്യ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചിരുന്നു.

പ്രവിശ്യയിലെ 124 റൈഡിങ്ങുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി 50% വോട്ടർമാരുടെ പിന്തുണയോടെ അധികാരത്തിൽ എത്തുമെന്നാണ് പുതിയ സർവേ സൂചിപ്പിക്കുന്നത്. ബോണി ക്രോംബി നേതൃത്വം നൽകുന്ന ഒൻ്റാരിയോ ലിബറൽ പാർട്ടിക്ക് 24% വോട്ടർമാരുടെ പിന്തുണയും ലഭിക്കും. മാരിറ്റ് സ്റ്റൈൽസ് നയിക്കുന്ന എൻഡിപിയ്ക്ക് 20% വോട്ടർമാരുടെ പിന്തുണയാണ് സർവേ പ്രവചിക്കുന്നത്. ഗ്രീൻ പാർട്ടിക്ക് 6% പിന്തുണയും ഉണ്ടാകുമെന്ന് സർവേ സൂചിപ്പിക്കുന്നു.

പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് നൂറോളം സീറ്റുകൾ ലഭിക്കുമെന്ന് സർവേയിൽ പറയുന്നു. സീറ്റുകളുടെ എണ്ണം 79 മുതൽ 109 വരെ വ്യത്യാസപ്പെടാം. രണ്ടാം സ്ഥാനത്തുള്ള എൻഡിപിക്ക് 14 സീറ്റും ലിബറൽ പാർട്ടിക്ക് എട്ടു സീറ്റും ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ഗ്രീൻ പാർട്ടിക്ക് രണ്ടു സീറ്റും ഒരു സ്വതന്ത്രനും വിജയിക്കുമെന്നും സർവേ പറയുന്നു.