ബ്രാംപ്ടൺ : പുതുവർഷം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ പീൽ മേഖലയിൽ നാനൂറിലധികം വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. ബ്രാംപ്ടൺ, മിസ്സിസാഗ എന്നീ നഗരങ്ങളിൽ നിന്നായി ജനുവരിയിൽ കാറുകളും ട്രക്കുകളും മോട്ടോർ സൈക്കിളുകളും അടക്കം 404 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ജനുവരി 1 മുതൽ ഫെബ്രുവരി 1 വരെ മിസ്സിസാഗയിൽ 203, ബ്രാംപ്ടണിൽ 199, വോണിലും ടൊറൻ്റോയിലും ഓരോ വാഹനങ്ങളും മോഷ്ടിക്കപ്പെട്ടതായി പീൽ റീജനൽ പൊലീസ് റിപ്പോർട്ട് ചെയ്തു.
ഈ മേഖലയിൽ പ്രതിദിനം ശരാശരി 13 അല്ലെങ്കിൽ അതിൽ കൂടുതൽ മോഷണങ്ങൾ നടക്കുന്നുണ്ട്. ശനിയാഴ്ച വരെ, മോഷ്ടിച്ച 13 വാഹന കേസുകൾ വിജയകരമായി പരിഹരിച്ചു. 383 എണ്ണം ഇപ്പോഴും അന്വേഷിക്കുന്നു. എട്ടെണ്ണം പരിഹരിക്കപ്പെടാത്തതായി കണക്കാക്കുന്നു. മോഷ്ടിക്കപ്പെട്ട വാഹനങ്ങളിൽ 298 കാറുകളും 97 ട്രക്കുകളും നാലെണ്ണം മോട്ടോർ സൈക്കിളുകളും അഞ്ചെണ്ണം മറ്റുള്ള വാഹനങ്ങളുമാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്. അതേസമയം കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ (ജനുവരി – ഫെബ്രുവരി 2024), മിസ്സിസാഗയിലും ബ്രാംപ്ടണിലും വാഹന മോഷണങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 849 വാഹനങ്ങളാണ് ഈ മേഖലയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. തുടർന്ന് വർഷാവസാനത്തോടെ മൊത്തം 6,657 വാഹനങ്ങളായി ഉയർന്നു.