ഫ്രെഡറിക്ടൺ : നോവസ്കോഷയുടെയും പ്രിൻസ് എഡ്വേഡ് ഐലൻഡിൻ്റിൻ്റെയും പാത പിന്തുടർന്ന്, പ്രവിശ്യയിലെ മദ്യവിൽപ്പനശാലകളിൽ നിന്ന് അമേരിക്കൻ മദ്യത്തിൻ്റെ വിൽപ്പന അവസാനിപ്പിച്ച് ന്യൂബ്രൺസ്വിക്. എൻബി ലിക്വർ യുഎസ് മദ്യം വാങ്ങുന്നത് നിർത്തുമെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് പ്രഖ്യാപിച്ചു. പ്രവിശ്യയിൽ നാല് കോടി ഡോളറിൻ്റെ അമേരിക്കൻ മദ്യം വിൽക്കുന്നുണ്ട്. വാരാന്ത്യത്തിൽ നോവസ്കോഷയും പ്രിൻസ് എഡ്വേഡ് ഐലൻഡും അമേരിക്കൻ മദ്യത്തിൻ്റെ വിൽപ്പന അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു.

“താരിഫുകളുടെ ഭീഷണിക്കെതിരെ കാനഡ ശക്തമായും ഐക്യത്തോടെയും നിൽക്കേണ്ട സമയമാണിത്,” ഹോൾട്ട് ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. “15,500 കോടി ഡോളറിലധികം മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങളുടെ താരിഫുകളുടെ ഒരു പാക്കേജിൽ തുടങ്ങി ശക്തമായ പ്രതികരണവുമായി തിരിച്ചടിക്കാൻ ടീം കാനഡ തയ്യാറാണ്,” പ്രീമിയർ വ്യക്തമാക്കി. ഉടനടി മാറ്റാൻ സാധിക്കാത്ത പ്രധാന സർവീസുകൾ ഒഴികെ, യുഎസ് കമ്പനികളുമായുള്ള കരാറുകൾ അവസാനിപ്പിക്കാനും പ്രവിശ്യ സർക്കാർ തീരുമാനിച്ചതായി സൂസൻ ഹോൾട്ട് പറഞ്ഞു.
താരിഫ് സമയപരിധിക്ക് മുന്നോടിയായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച യുഎസ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.