ടൊറൻ്റോ : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണിക്കിടെ ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കുമായുള്ള 10 കോടി ഡോളറിൻ്റെ കരാർ ഒഴിവാക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. മറ്റ് അമേരിക്കൻ കമ്പനികളെയും പ്രവിശ്യാ കരാറുകളിൽ നിന്ന് സർക്കാർ വിലക്കുമെന്നും ഫോർഡ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 25% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. കനേഡിയൻ എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10% താരിഫ് ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പകരമായി മദ്യം, പഴം തുടങ്ങി നിരവധി അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിട്ടുണ്ട്.

കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്ന ആളുകളുമായി ഒൻ്റാരിയോ കരാറിലേർപ്പെടില്ലെന്ന് ഡഗ് ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. പ്രവിശ്യയിലെ വിദൂര, ഗ്രാമീണ കമ്മ്യൂണിറ്റികളിലെ ആയിരക്കണക്കിന് വീടുകളിൽ ഇൻ്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബറിലാണ് ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കുമായി പ്രവിശ്യ കരാർ ഒപ്പിട്ടത്.