വൻകൂവർ : വടക്കൻ വൻകൂവർ ദ്വീപിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ സ്കീയർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആൽപൈൻ റിസോർട്ട് മൗണ്ട് കെയ്‌നിന് സമീപം ബൗൾ ബാക്ക്‌കൺട്രിയിലാണ് ഹിമപാതം ഉണ്ടായതെന്ന് അവലാഞ്ച് കാനഡ അറിയിച്ചു. ഹൈപ്പോഥെർമിയയും ഗുരുതരമായ പരുക്കുമേറ്റ സ്കീയറെ എയർലിഫ്റ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് പേരടങ്ങുന്ന സംഘത്തിൽ ഉൾപ്പെട്ട സ്കീയർ ഹിമപാതത്തിൽ കുടുങ്ങി ഏകദേശം 150 മുതൽ 200 മീറ്റർ വരെ താഴേക്ക് പോയതായി ഏജൻസി അറിയിച്ചു. ലോക്കൽ സ്കീ പട്രോൾ, കാംബെൽ റിവർ സെർച്ച് ആൻഡ് റെസ്ക്യൂ വോളൻ്റിയർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സ്കീയർക്ക് കാലിന് അടക്കം ഒന്നിലധികം പരുക്കുകൾ പറ്റിയിട്ടുണ്ടെന്നും മഞ്ഞിൽ നിന്ന് പുറത്തെടുക്കുമ്പോൾ ഹൈപ്പോതെർമിക് ആയിരുന്നുവെന്നും നോർത്ത് ഷോർ റെസ്ക്യൂ റിപ്പോർട്ട് ചെയ്തു.