കാൽഗറി: ആല്‍ബര്‍ട്ടയില്‍ അതിശൈത്യ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. നോര്‍ത്തേണ്‍ ആല്‍ബര്‍ട്ടയുടെ ചില ഭാഗങ്ങളില്‍ -45 മുതല്‍ -50 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടേക്കാം. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതികഠിനമായ തണുപ്പുള്ളതിനാല്‍ പുറത്ത് ഇറങ്ങുന്നവര്‍ ജാഗ്രത പുലർത്തണമെന്നും തണുപ്പിനെ അതിജീവിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എഎച്ച്എസ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്(EMS) പബ്ലിക് എജ്യുക്കേഷന്‍ ഓഫീസര്‍ സ്റ്റുവര്‍ട്ട് ബ്രൈഡോക്‌സ് പറഞ്ഞു.
വ്യാഴാഴ്ചയോടെ എഡ്മിന്റൻ , കാല്‍ഗറി, റെഡ്ഡീര്‍, ലെത്ത്ബ്രിഡ്ജ് എന്നിവടങ്ങളില്‍ -7 ഡിഗ്രി സെല്‍ഷ്യസിനും -10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും തണുപ്പ് അനുഭവപ്പെടുക . എന്നാല്‍ വാരാന്ത്യത്തില്‍ ഇത് വീണ്ടും -15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആല്‍ബര്‍ട്ടയിലുടനീളം അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ ജലവിതരണ പൈപ്പുകളില്‍ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.