ഓട്ടവ : അമേരിക്കൻ ഉൽപ്പന്നങ്ങളിൽ “പ്രൊഡക്റ്റ് ഓഫ് കാനഡ” എന്ന് തെറ്റായി ലേബൽ പതിപ്പിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് കാനഡയിലെ ഗ്രോസറി ഭീമന്മാരായ മെട്രോ. യുഎസ് താരിഫ് ഭീഷണിയുടെ നിഴലിൽ ജനങ്ങൾ കനേഡിയൻ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന നിർദ്ദേശത്തിന് പിന്നാലെയാണ് തെറ്റായി ലേബൽ പതിപ്പിച്ച ഉൽപ്പന്നങ്ങൾ സ്റ്റോറുകളിൽ എത്തിയത്. ഓട്ടവയിലെ ഒരു സ്റ്റോറിൽ ഇത്തരത്തിൽ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “പ്രൊഡക്റ്റ് ഓഫ് യുഎസ്എ” എന്ന് ലേബൽ ചെയ്‌തിരിക്കുന്ന ചീരയുടെ പാക്കറ്റിൽ “പ്രൊഡക്റ്റ് ഓഫ് കാനഡ” എന്നെഴുതിയ ലേബൽ പതിച്ചതായി കണ്ടെത്തി.
തങ്ങളുടെ സിസ്റ്റത്തിൽ പിശകുണ്ടായിട്ടുണ്ടെന്നും അവ പരിഹരിച്ചതായും മെട്രോ വക്താവ് സ്റ്റെഫാനി ബോങ്ക് അറിയിച്ചു. ലേബലുകൾ വീണ്ടും പരിശോധിക്കാൻ എല്ലാ സ്റ്റോറുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ പിശകുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു” എന്നും സ്റ്റെഫാനി ബോങ്ക് പറയുന്നു.
കാനഡയിലെ കൺസ്യൂമർ പാക്കേജിങ് ആൻ്റ് ലേബലിങ് നിയമ പ്രകാരം മുൻകൂട്ടി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ “തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന സൂചനകൾ” നിരോധിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഡീലർമാരിൽ നിന്നും പരമാവധി 10,000 ഡോളർ വരെ പിഴ ഈടാക്കാം.