ടൊറൻ്റോ : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണി താൽക്കാലികമായി ഒഴിഞ്ഞതോടെ പ്രവിശ്യയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒൻ്റാരിയോയിലെ പാർട്ടി നേതാക്കൾ.
വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ഓട്ടവയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രഖ്യാപിച്ചു. സ്കൂളുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുക, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൂടുതൽ പിന്തുണ നൽകുക, സ്കൂൾ അറ്റകുറ്റപ്പണികൾക്കായി പ്രതിവർഷം 8 കോടി 30 ലക്ഷം ഡോളർ നിക്ഷേപിക്കുക, പ്രത്യേക സ്കൂൾ ഭക്ഷണ പരിപാടി ആരംഭിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും മാരിറ്റ് സ്റ്റൈൽസ് മുന്നോട്ടു വയ്ക്കുന്നു.
അതേസമയം ഫെബ്രുവരി 27-ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവിശ്യയെ സംരക്ഷിക്കുന്നതിനും പൊതുജനാരോഗ്യ-സംരക്ഷണ സംവിധാനം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയായിരിക്കണമെന്ന് ഒൻ്റാരിയോ ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബി പറയുന്നു. എന്നാൽ, താരിഫ് ഭീഷണി മാത്രമല്ല, ട്രംപിൻ്റെ കീഴിൽ യുഎസുമായുള്ള നാലുവർഷത്തെ ബന്ധം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് പ്രോഗ്രസീവ് കൺസർവേറ്റീവ് ലീഡർ ഡഗ് ഫോർഡ് പറയുന്നു.