ടൊറൻ്റോ : ഡഗ് ഫോർഡ് സർക്കാരിൽ നിന്ന് 200 ഡോളർ റിബേറ്റ് ചെക്കുകൾ സ്വീകരിക്കുന്ന ഒൻ്റാരിയോ നിവാസികൾക്ക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. പേയ്‌മെന്റുകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് പ്രവിശ്യയുടെ വെബ്‌സൈറ്റിൽ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ഒൻ്റാരിയോയിൽ, 2024 ഡിസംബർ 31-നകം 2023-ലെ ആദായനികുതി സമർപ്പിച്ച യോഗ്യരായ മുതിർന്നവർക്ക് 200 ഡോളർ റിബേറ്റ് ലഭിക്കും. കൂടാതെ, യോഗ്യരായ കുടുംബങ്ങൾക്ക് 18 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 200 ഡോളർ അധികമായി ലഭിക്കും. അതേസമയം, നികുതിദായകരുടെ റിബേറ്റിന് അർഹതയുള്ളവർക്ക് ചെക്കുകൾ തപാൽ വഴി അയയ്ക്കുന്നത് 2025 ന്റെ തുടക്കത്തിൽ ആരംഭിച്ചു.
നിലവിൽ ഗവൺമെന്റ് വെബ്‌സൈറ്റിലെ നികുതിദായകരുടെ റിബേറ്റ് പേജിൽ സ്‌കാം അലർട്ട് നൽകിയിട്ടുണ്ട്. നിങ്ങളുടെ റിബേറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനോ അന്വേഷണത്തിനോ മറുപടിയായി മാത്രമേ ഒൻ്റാരിയോ സർക്കാർ നേരിട്ട് ബന്ധപ്പെടുകയുള്ളൂ ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ, വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നതിനോ, പണം വാഗ്ദാനം ചെയ്യുന്നതിനോ, ഒരു റിബേറ്റ് പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യുന്നതിനോ വേണ്ടി ടെക്സ്റ്റ്, ഇമെയിൽ അല്ലെങ്കിൽ ഫോൺ വഴി ബന്ധപ്പെടില്ല.