മൺട്രിയോൾ : പ്രവിശ്യയിലെ ഏഴ് വെയർഹൗസുകൾ കമ്പനി അടച്ചതിനെത്തുടർന്ന് ആമസോൺ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കെബെക്കിലെ ഏറ്റവും വലിയ യൂണിയൻ. ആമസോൺ പ്രഖ്യാപിച്ച അടച്ചുപൂട്ടലുകൾ നിയമപരമായ അർത്ഥത്തിൽ യഥാർത്ഥ അടച്ചുപൂട്ടലുകളല്ലെന്നും കമ്പനി അതിൻ്റെ ഉൽപ്പന്നങ്ങൾ പ്രവിശ്യനിവാസികൾക്ക് ഓൺലൈൻ വഴി വിൽക്കാൻ പദ്ധതിയിട്ടുണ്ടെന്നും കോൺഫെഡറേഷൻ ഡെസ് സിൻഡിക്കേറ്റ്സ് നാഷണൽ (സിഎസ്എൻ) പ്രസിഡൻ്റ് കാരൊലിൻ സെന്നവിൽ പറയുന്നു. ആമസോൺ യൂണിയനെ തകർക്കാൻ ശ്രമിക്കുകയാണെന്നും കാരൊലിൻ ആരോപിച്ചു.
ആമസോണിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആയിരത്തി അറുന്നൂറോളം അഫിലിയേറ്റ് യൂണിയനുകൾ ഉൾപ്പെടുന്ന സിഎസ്എൻ അറിയിച്ചു. കൂട്ട പിരിച്ചുവിടലുകൾ റദ്ദാക്കുകയും ഏഴ് വെയർഹൗസുകൾ വീണ്ടും തുറക്കണമെന്നും കാരൊലിൻ ആവശ്യപ്പെട്ടു. ലാവൽ, ലാച്ചിൻ, സെൻ്റ്-ഹൂബർട്ട് എന്നിവിടങ്ങളിലെ വെയർഹൗസുകൾ അടച്ചുപൂട്ടുന്നത് കെബെക്ക് ലേബർ കോഡിൻ്റെ ലംഘനമാണെന്നും കരാറുകൾ റദ്ദാക്കണമെന്ന് പ്രവിശ്യ സർക്കാരിനോട് യൂണിയൻ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിനായി ആമസോൺ സൈറ്റ് ഉപയോഗിക്കരുതെന്നും സിഎസ്എൻ നിർദ്ദേശിച്ചു.