ഫ്രെഡറിക്ടൺ : അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ്ൻ-ന്യൂബ്രൺസ്വിക് അതിർത്തിയിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ നിരീക്ഷണം ആരംഭിച്ചതായി ആർസിഎംപി. അതിർത്തി സുരക്ഷ ശക്തമാക്കാൻ കാനഡയ്ക്ക് മേൽ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ സമ്മർദ്ദം തുടരുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച മുതൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പരിശോധന ആരംഭിച്ചത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണികൾക്കിടയിൽ യുഎസുമായുള്ള അതിർത്തി മികച്ച രീതിയിൽ സുരക്ഷിതമാക്കാൻ കാനഡ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ഹെലികോപ്റ്ററുകൾ.
നിയമവിരുദ്ധ കുടിയേറ്റം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഹെലികോപ്റ്റർ അതിർത്തിയിൽ നിരീക്ഷണ പറക്കൽ നടത്തും. അതിർത്തി പ്രദേശങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് പ്രവർത്തിക്കാൻ കഴിയുന്ന പൊലീസ് ഓഫീസർമാർ ഹെലികോപ്റ്ററുകളിലുണ്ടായിരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ബ്ലാക്ക് ഹോക്കിലുള്ളവർക്ക് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും സഹായിക്കാനും കഴിയും.