ഓട്ടവ : ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്യുന്നതിനുള്ള വിലക്ക് നീക്കി കനേഡിയൻ സർക്കാർ. ജിഎസ്ടി റിബേറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പെയ്‌നിനായി 100,000 ഡോളർ അനുവദിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരസ്യം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും കൃത്യമായ വിവരങ്ങൾ പങ്കിടാനും സർക്കാർ പ്രോഗ്രാമുകളും സേവനങ്ങളും ആക്സസ് ചെയ്യാൻ കനേഡിയൻമാരെ സഹായിക്കുന്നതിനുമാണ് ഈ മാറ്റം.
ജനങ്ങൾക്ക് അവരെ സഹായിക്കാൻ രൂപകൽപ്പന ചെയ്ത സർക്കാർ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കേണ്ടത് അനിവാര്യമാണെന്ന്” സർക്കാർ കരുതുന്നതായി പ്രിവി കൗൺസിൽ ഓഫീസ് (PCO) പറയുന്നു. പലരുടെയും വിവരങ്ങളുടെ പ്രാഥമിക ഉറവിടം സോഷ്യൽ മീഡിയയാണെന്ന് പിസിഒ വക്താവ് ഡാനിയേൽ സാവോയ് ചൂണ്ടിക്കാട്ടി. ഗവൺമെൻ്റിന് പരസ്യ കാമ്പെയ്‌നുകൾ നടത്തുന്നതിൽ ചില ലക്ഷ്യങ്ങളുണ്ടെന്നും ആ ലക്ഷ്യങ്ങൾ നേടാൻ മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് സാധിച്ചാൽ പരസ്യത്തിനായി ഉപയോഗിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെറ്റാ അതിൻ്റെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കനേഡിയൻ വാർത്തകൾ പിൻവലിക്കാൻ തീരുമാനിച്ചതോടെ 2023 ജൂലൈ മുതലാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യം നൽകുന്നത് കാനഡ നിരോധിച്ചത്.