പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിശേഷണം മലയാളത്തിൽ ഏറ്റവും ചേർന്ന നടൻ ദുൽഖർ സൽമാനാണ്. അവസാനം ഇറങ്ങിയ ‘ലക്കി ഭാസ്കർ’ കൂടി വമ്പൻ വിജയം സ്വന്തമാക്കിയതോടെ ദക്ഷിണേന്ത്യയിൽ ദുൽഖറിന്‍റെ സ്റ്റാർഡം അവിടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പമായി. കേരളത്തിനു പുറത്തും വലിയ ആരാധകവൃന്ദമുള്ള ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. റാണ ദഗ്ഗുബാട്ടി നിര്‍മിക്കുന്ന ചിത്രം ‘കാന്ത’യുടെ ഫസ്റ്റ് ലുക്കാണ് പുറത്തു വിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സിനിമയിലെത്തി 13 വര്‍ഷം തികയുന്ന വേളയിലാണ് ചിത്രം പുറത്ത് വിട്ടതെന്ന സവിശേഷതയുമുണ്ട്.റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയക്കൊപ്പം ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫേറർ ഫിലിംസും കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെല്‍വമണി സംവിധാനം ചെയ്ത ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഇന്ത്യയിലും പുറത്തും വലിയ ശ്രദ്ധ നേടിയിരുന്നു.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ പറയുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബാട്ടി, സമുദ്രക്കനി എന്നിവരും എത്തും.
ലക്കി ഭാസ്ക്കറിലും ദുൽക്കറിനൊപ്പം അഭിനയിച്ച് നിരൂപക പ്രശംസ നേടിയ ഭാഗ്യശ്രീ ബോർസെ തന്നെയാണ് ഇത്തവണയും നായികയായി എത്തുന്നത്. വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.വായ് മൂടി പേസവും എന്ന ദ്വിഭാഷ ചിത്രത്തിലൂടെ തമിഴില്‍ എത്തിയെങ്കിലും മണിരത്നത്തിന്‍റെ ‘ഒകെ കണ്‍മണി’യാണ് ദുല്‍ഖറിനെ തമിഴില്‍ ശ്രദ്ധേയനാക്കിയത്. കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹേയ് സിനാമിക തുടങ്ങിയ സിനിമകളും തമിഴിൽ ദുൽഖറിന് വൻ ആരാധക വൃന്ദത്തെ നേടിക്കൊടുത്തു. പിന്നീട്, ഹിന്ദിയിലും തെലുഗിലും ഹിറ്റ് ചിത്രങ്ങളുമായി എത്തി ഇന്ത്യ മൊത്തം തന്‍ ബ്രാൻഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്തു.