ഓട്ടവ : കനേഡിയൻ പരമാധികാരത്തിന് ഇലോൺ മസ്ക് ഭീഷണിയാണെന്ന് എൻഡിപി ലീഡർ ജഗ്മീത് സിങ്. ഡോണൾഡ് ട്രംപ് കാനഡയെ ഏറ്റെടുക്കണമെന്ന് ഇലോൺ മസ്ക് ആഗ്രഹിക്കുന്നതായും ജഗ്മീത് സിങ് പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്, തന്നെ പിന്തുണയ്ക്കുന്ന ശതകോടീശ്വരന്മാർക്കെതിരെ നിലകൊള്ളില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇലോൺ മസ്ക് ലോകമെമ്പാടുമുള്ള കൺസർവേറ്റീവ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ലക്ഷക്കണക്കിന് ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. താൻ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥികൾക്ക് അനുകൂലമായി പ്രചാരണം നടത്താൻ മസ്ക് ‘X’ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതായും ജഗ്മിത് സിങ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. കാനഡയിൽ ഇത്തരം പ്രവർത്തി ചെയ്യാൻ മസ്കിനെ അനുവദിക്കില്ലെന്നും ജഗ്മിത് സിങ് പറഞ്ഞു. കൂടാതെ കാനഡയെ അമേരിക്കയുടെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കുമെന്ന ട്രംപിൻ്റെയും മസ്‌കിൻ്റെയും ഭീഷണികൾ വകവയ്ക്കാതെ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് മസ്കിനെ പ്രശംസിച്ചതായും ജഗ്മിത് സിങ് ആരോപിച്ചു. കാനഡയിലെ തിരഞ്ഞെടുപ്പുകളിൽ മാസ്കിന്റെ ‘X’ പ്ലാറ്റ്ഫോമിന്റെ ഇടപെടലുകളെക്കുറിച്ച് ഇലക്ഷൻ കാനഡ അന്വേഷിക്കണമെന്നും ജഗ്മിത് സിങ് ആവശ്യപ്പെട്ടു.
കാനഡയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ താരിഫ് വർധനക്ക് സൃഷ്ട്ടിക്കുന്ന അനിശ്ചിതത്വത്തിനിടയിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങൾക്ക് മസ്ക്കിന്റെ സാന്നിധ്യം വലിയ ചർച്ച ആയിരുന്നു.