വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ നിവാസികളുടെ ജീവിതച്ചെലവിന് മറ്റൊരു പ്രഹരമേൽപ്പിച്ച് പ്രവിശ്യയിൽ ഇന്ധനവില കുതിച്ചുയർന്നു. ഇപ്പോൾ ലിറ്ററിന് 192.9 സെൻ്റാണ് പെട്രോളിന് ഈടാക്കുന്നത്. ഉയർന്ന ഇന്ധനച്ചെലവ് പ്രവിശ്യയിൽ ഭക്ഷണത്തിൻ്റെ വിലയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണ ഈ സമയത്ത് ഇന്ധനവില കുറവായിരിക്കും. എന്നാൽ, കനേഡിയൻ ഡോളറിന്‍റെ മൂല്യം കുറഞ്ഞതും കാലിഫോർണിയയിലെ റിഫൈനറി കാട്ടുതീയിൽ കത്തി നശിച്ചതും കാരണം പ്രവിശ്യയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായതായി പെട്രോളിയം അനലിസ്റ്റ് ഡാൻ മക്‌ടീഗ് വിശദീകരിച്ചു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ധനവില 1.85 ഡോളറിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. എന്നാൽ, അതിശൈത്യകാലാവസ്ഥ തുടരുന്നതിനാൽ ഡീസൽ വില ഉയർന്ന നിലയിൽ തുടരുമെന്നും ഡാൻ മക്‌ടീഗ് പറഞ്ഞു. അതേസമയം യുഎസുമായുള്ള വ്യാപാരയുദ്ധം മുന്നോട്ട് പോകുന്നത് ഇന്ധനവില എങ്ങോട്ട് ചായുമെന്ന് പ്രവചിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.