ഓട്ടവ : ഇന്ധനചോർച്ചയെ തുടർന്ന് കാനഡയിൽ നൂറുകണക്കിന് സ്കൂൾ ബസുകൾ തിരിച്ചു വിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. ബ്ലൂ ബേർഡ് സ്കൂൾ ബസുകളാണ് തകരാർ നേരിടുന്നത്. ചില സ്കൂൾ ബസുകളിൽ, ഇന്ധന ടാങ്ക് ശരിയായി രൂപകല്പന ചെയ്തിട്ടുണ്ടാകില്ല. തൽഫലമായി, ടാങ്കിൽ നിന്ന് ഡീസൽ ഇന്ധനം ചോർന്നേക്കാമെന്ന് ഏജൻസി പറയുന്നു. ഇത് തീപിടുത്തത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ട്രാൻസ്പോർട്ട് കാനഡ മുന്നറിയിപ്പ് നൽകി.
2021 മുതൽ 2026 വരെ മോഡൽ 218 ബ്ലൂ ബേർഡ് വിഷൻ സ്കൂൾ ബസുകളാണ് തിരിച്ചു വിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിന്, അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ 90 ശതമാനത്തിലധികം ഇന്ധനം നിറയ്ക്കരുതെന്ന് ബ്ലൂ ബേർഡ് കമ്പനി നിർദ്ദേശിച്ചു. കൂടാതെ കമ്പനി ഉടമകളെ മെയിൽ വഴി അറിയിക്കുകയും ഇന്ധന ടാങ്കിലെ ട്യൂബ് എങ്ങനെ നീക്കം ചെയ്യണമെന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.