ഓട്ടവ : കിഴക്കൻ ഒൻ്റാരിയോയിലെ ഹൈവേ 401-ൽ ട്രാക്ടർ-ട്രെയിലറിൽ നിന്നും മോഷ്ടിച്ച രണ്ട് അത്യാഢംബര വാഹനങ്ങൾ കണ്ടെത്തി. സംഭവത്തിൽ ടൊറൻ്റോ സ്വദേശി വയോധികനെ അറസ്റ്റ് ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ കോൺവാളിന് സമീപം ഹൈവേ 401-ൽ കണ്ടെയ്‌നർ ഘടിപ്പിച്ച ട്രാക്ടർ-ട്രെയിലർ ഒൻ്റാരിയോ ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സഹായത്തിനായി ഒപിപിയെ വിളിച്ചു. ജനുവരിയിൽ ടൊറൻ്റോയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഒരു ലെക്സസും ജീപ്പും കണ്ടെയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തി. വാഹനമോഷണവുമായി ബന്ധപ്പെട്ട് ടൊറൻ്റോയിൽ നിന്നുള്ള 61 വയസ്സുകാരനെ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വച്ചതിന് കേസെടുത്തതായി പൊലീസ് പറയുന്നു.