എഡ്മിന്‍റൻ : വസന്തകാല ബജറ്റിൽ പ്രഖ്യാപിച്ച വൈദ്യുത വാഹനങ്ങൾക്കുള്ള 200 ഡോളർ നികുതി അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആൽബർട്ട ധനമന്ത്രിയും ട്രഷറി ബോർഡ് പ്രസിഡൻ്റുമായ നേറ്റ് ഹോർണർ അറിയിച്ചു. അതേസമയം ഹൈബ്രിഡ് വാഹനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
![](http://mcnews.ca/wp-content/uploads/2024/01/Nissan-Trinity-Group-1024x576.jpg)
ഇതോടെ ഇനി മുതൽ ഒരു ഇലക്ട്രിക് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ സ്റ്റാൻഡേർഡ് രജിസ്ട്രേഷൻ ഫീസിന് ഒപ്പം 200 ഡോളർ നികുതിയും അടയ്‌ക്കേണ്ടി വരും. പ്രവിശ്യാ ഹൈവേകൾ പരിപാലിക്കാൻ ഉപയോഗിക്കുന്ന ഇന്ധന നികുതി ഇലക്ട്രിക് വാഹന ഉടമകൾ അടയ്ക്കുന്നില്ലെന്ന് ആരോപിച്ചാണ് 200 ഡോളർ അധിക നികുതി സർക്കാർ ഏർപ്പെടുത്തുന്നത്. അതേസമയം 200 ഡോളർ അധിക നികുതി ചുമത്താനുള്ള പ്രവിശ്യ സർക്കാരിന്റെ തീരുമാനത്തിനെതിരെ ആൽബർട്ട ഇലക്ട്രിക്കൽ വെഹിക്കിൾ അസോസിയേഷൻ രംഗത്ത് എത്തിയിട്ടുണ്ട്. അധിക നികുതി ചെറിയ ഇലക്ട്രിക് വാഹന ഉടമകളെ സാരമായി ബാധിക്കുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡൻ്റ് വില്യം യോർക്ക് പറയുന്നു. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ ഭാരമേറിയതാണെന്നും അതിനാൽ കൂടുതൽ റോഡ് കേടുപാടുകൾ വരുത്തുന്നു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. പെട്രോൾ-ഡീസൽ വാഹനങ്ങളേക്കാൾ ഭാരക്കുറവുള്ള ധാരാളം ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.