Tuesday, October 14, 2025

പുതിയ സ്ഥിര താമസക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട് കാനഡ

Canada Welcomes Record 483,000 New Permanent Residents In 2024

ഓട്ടവ : കഴിഞ്ഞ വർഷം 483,395 പുതിയ സ്ഥിരതാമസക്കാരെ പ്രവേശിപ്പിച്ച് കാനഡ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇതോടെ 485,000 എന്ന ഔദ്യോഗിക വാർഷിക ഇമിഗ്രേഷൻ ലക്ഷ്യം ഏതാണ്ട് പൂർത്തിയാക്കിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരി പോലുള്ള ആഗോള സംഭവങ്ങൾ കാരണം ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും 2015 മുതൽ, കാനഡയിലേക്കുള്ള കുടിയേറ്റം ക്രമാനുഗതമായി വർധിച്ചിട്ടുണ്ട്. ഈ പ്രവണത കാനഡയുടെ ജനസംഖ്യയിലും തൊഴിൽമേഖലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 2023-ൽ, ഇമിഗ്രേഷൻ നയത്തിൽ കൃത്യമായ ആസൂത്രണവും നിർവ്വഹണവും പ്രകടമാക്കി കാനഡ അതിൻ്റെ വാർഷിക ഇമിഗ്രേഷൻ ടാർഗെറ്റ് ആയ 465,000 മറികടന്നിരുന്നു. 2023-ൽ 471,820 പുതിയ സ്ഥിര താമസക്കാരെയാണ് കാനഡ സ്വാഗതം ചെയ്തത്. അതേസമയം 2025-ലേക്കുള്ള സ്ഥിരതാമസക്കാരുടെ എണ്ണത്തിൻ്റെ വാർഷിക ലക്ഷ്യം കാനഡ 395,000 ആയും 2026-ലേക്ക് 380,000 ആയും കുറച്ചിട്ടുണ്ട്.

2023-ലെ 139,790-ൽ നിന്ന് 2024-ൽ 127,320 ആയി കുറഞ്ഞെങ്കിലും ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ കാനഡയിലേക്ക് കുടിയേറിയത്. ഈ കുറവിന് ഭൂരിഭാഗം ഇന്ത്യൻ അപേക്ഷകരും ഉപയോഗിക്കുന്ന എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തെ ബാധിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങളോ കനേഡിയൻ ഇമിഗ്രേഷൻ നയങ്ങളിലെ മാറ്റങ്ങളോ കാരണമായിട്ടുണ്ട്. തുടർസ്ഥാനങ്ങളിൽ ഫിലിപ്പീൻസ്, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

എല്ലാ അറ്റ്ലാൻ്റിക് പ്രവിശ്യകളും (ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷ, ന്യൂബ്രൺസ്വിക് ) പുതിയ സ്ഥിര താമസക്കാരുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കുന്നതിനും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം പോലുള്ള ഇമിഗ്രേഷൻ സംരംഭങ്ങളാണ് ഈ മാറ്റത്തിന് കാരണം. 35.17% വർധന രേഖപ്പെടുത്തിയ ന്യൂബ്രൺസ്വിക്കാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. നോവസ്കോഷയിലും 21.01% വർധന രേഖപ്പെടുത്തി.

ആൽബർട്ട : പ്രവിശ്യയിൽ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണത്തിൽ 15.20% വർധന. പ്രവിശ്യയുടെ ശക്തമായ സാമ്പത്തിക സ്ഥിതി, കൂടാതെ എണ്ണ, വാതകം, സാങ്കേതികവിദ്യ, മറ്റ് വ്യവസായങ്ങൾ എന്നിവ പുതിയ കുടിയേറ്റക്കാരെ ആൽബർട്ടയിലേക്ക് ആകർഷിക്കുന്നു.

കെബെക്ക് : 12.53% വർധനയോടെ കെബെക്ക് കുടിയേറ്റക്കാരെ ആകർഷിക്കുന്നത് തുടരുന്നു. ഫ്രഞ്ച് സംസാരിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതും പ്രവിശ്യയുടെ സാംസ്കാരിക-സാമ്പത്തിക സാഹചര്യങ്ങളും അനുകൂല കുടിയേറ്റ നയങ്ങളും പുതിയ കുടിയേറ്റക്കാരെ പ്രവിശ്യയിലേക്ക് ആകർഷിക്കുന്നു.

ബ്രിട്ടിഷ് കൊളംബിയ : വൻകൂവർ പോലുള്ള നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് പ്രവിശ്യയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയാൻ കാരണമായി. 2023-നെ അപേക്ഷിച്ച് 2024-ൽ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണത്തിൽ -10.90% കുറവ് ഉണ്ടായി.

സസ്കാച്വാൻ : പ്രവിശ്യയിൽ പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ -8.02 ശതമാനത്തിൻ്റെ ശ്രദ്ധേയമായ കുറവുണ്ടായി.

മാനിറ്റോബ : പ്രവിശ്യയിലും നേരിയ പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 2024-ൽ മൈനസ് 0.92 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

ഒൻ്റാരിയോ : ഭവന വിപണി സാഹചര്യങ്ങളോ മറ്റ് പ്രദേശങ്ങളെ കൂടുതൽ ആകർഷകമാക്കുന്ന സാമ്പത്തിക ഘടകങ്ങളോ കാരണം ഒൻ്റാരിയോയിലും നേരിയ കുറവ് ഉണ്ടായി. 2023-നെ അപേക്ഷിച്ച് 2024-ൽ മൈനസ് 0.54 ശതമാനത്തിൻ്റെ നേരിയ കുറവാണ് പ്രവിശ്യയിൽ ഉണ്ടായിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!