ഓട്ടവ : രാജ്യത്തുടനീളം ഈ വർഷം വീടുകളുടെ വിൽപ്പനയിലും വിലയിലും വർധന പ്രവചിച്ച് കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (സിഎംഎച്ച്‌സി). വീട് വാങ്ങാൻ ഒരുങ്ങുന്നവർ, ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശനിരക്ക് കുറച്ചതോടെ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകൾ പ്രയോജനപ്പെടുത്തുന്നതോടെ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഭവനവിപണിയിലെ സ്ഥിതിക്ക് മാറ്റം വരുമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഎസിൽ നിന്നുള്ള താരിഫ് ഭീഷണി വീടുകളുടെ വിൽപ്പനയേയും ബാധിച്ചേക്കാമെന്ന ആശങ്കയും സിഎംഎച്ച്‌സി പങ്കുവെച്ചു.
കാനഡയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധവും ഇമിഗ്രേഷൻ ലക്ഷ്യങ്ങൾ കുറയുന്നതുപോലുള്ള ഘടകങ്ങളും സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും ഇത് വീടുകളുടെ വിൽപ്പനയെ ബാധിച്ചേക്കുമെന്നും ദേശീയ ഭവന നിർമ്മാണ ഏജൻസി പറയുന്നു. എന്നാൽ നിക്ഷേപകരുടെ താൽപര്യം കുറയുകയും യുവകുടുംബങ്ങളിൽ നിന്നുള്ള ഡിമാൻഡ് കുറയുകയും ചെയ്യുന്നതിനാൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭവന നിർമ്മാണം കുറയും. അതേസമയം, ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയും ഇമിഗ്രേഷൻ ഒഴുക്ക് കുറയുന്നതും അടുത്ത മൂന്ന് വർഷത്തേക്ക് വാടക വീടുകളുടെ ഡിമാൻഡ് കുറയുന്നതിന് കാരണമാകുമെന്ന് CMHC പറയുന്നു.