ടൊറൻ്റോ : ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വൻ വാഗ്ദാനങ്ങളുമായി കളംനിറയുകയാണ് പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പാർട്ടി ലീഡർ ഡഗ് ഫോർഡ്. ഫെബ്രുവരി 27-ന് തൻ്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ, ഹൈവേ 407-ൻ്റെ പ്രവിശ്യാ ഉടമസ്ഥതയിലുള്ള ടോളുകൾ പൂർണ്ണമായി ഒഴിവാക്കുമെന്ന് ഡഗ് ഫോർഡ് വാഗ്ദാനം ചെയ്തു. പ്രവിശ്യയുടെ ഉടമസ്ഥതയിലുള്ള ഹൈവേയുടെ ഭാഗത്ത് നിന്ന് ടോൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങൾക്ക് പ്രതിവർഷം 7200 ഡോളർ ലഭിക്കമാണെന്നും അദ്ദേഹം പറഞ്ഞു. ദുർഹം മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
30 ദിവസത്തേക്ക് ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും യുഎസ് ഗവൺമെൻ്റിൻ്റെ താരിഫ് ഭീഷണിക്ക് മുന്നിൽ കനേഡിയൻ പൗരന്മാർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഡഗ് ഫോർഡ് അഭ്യർത്ഥിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡൻ്റായിരിക്കുന്നിടത്തോളം തീരുവ ഭീഷണി ഇല്ലാതാകില്ലെന്നും അദ്ദേഹം കാനഡയെ തകർക്കാൻ ആഗ്രഹിക്കുന്നതായും ഫോർഡ് പറഞ്ഞു. ട്രംപ് കാനഡയെ വാങ്ങാൻ ആഗ്രഹിക്കുന്നു, പക്ഷെ കാനഡ വിൽപ്പനയ്ക്കില്ല, ഡഗ് ഫോർഡ് വ്യക്തമാക്കി. പ്രവിശ്യയിലെ പെട്രോൾ-ഡീസൽ നികുതി വെട്ടിക്കുറയ്ക്കുമെന്നും പ്രവിശ്യ-മുനിസിപ്പൽ റോഡുകളിലെ കൻജെസ്റ്റഡ് പ്രൈസിങ് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുമെന്നും ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയ, ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി, പിക്കറിങ്, ഓഷവ, ഓക്സ്ബ്രിഡ്ജ് മേയർമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫോർഡിനൊപ്പം പങ്കെടുത്തു.