ടൊറൻ്റോ : നഗരത്തിലെ ആയിരക്കണക്കിന് താമസക്കാരെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ച വൈദ്യുതി മുടക്കത്തിന് ഉത്തരവാദി ഒരു അണ്ണാൻ ആണെന്ന് ഹൈഡ്രോ വൺ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് വൈദ്യുതി തടസ്സപ്പെട്ടത്. ടൊറൻ്റോയിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ജോൺ സ്ട്രീറ്റിനും വെല്ലിംഗ്ടൺ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള ജോൺ ട്രാൻസ്മിഷൻ സ്റ്റേഷനിലുണ്ടായ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. മൂന്ന് മണിക്കൂറിന് ശേഷം വൈകുന്നേരം അഞ്ച് മണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.
ഒരു അണ്ണാൻ ട്രാൻസ്മിഷൻ സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിൽ കയറുകയും തുടർന്ന് ബ്രേക്കർ തകരാറിലാകുകയും ചെയ്തുവെന്ന് ഹൈഡ്രോ വൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ജോൺ ട്രാൻസ്മിഷൻ സ്റ്റേഷനിൽ അടക്കം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കും, യൂട്ടിലിറ്റി അറിയിച്ചു. സംഭവത്തിൽ അണ്ണാൻ രക്ഷപ്പെട്ടോ എന്ന് വ്യക്തമല്ല. ഇതാദ്യമായിട്ടല്ല അണ്ണാൻ മൂലം നഗരത്തിൽ വൈദ്യുതി തടസ്സപ്പെടുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ജോർജ്ജ് സ്ട്രീറ്റിനും കിങ് സ്ട്രീറ്റ് ഈസ്റ്റിനും സമീപമുള്ള ട്രാൻസ്ഫോർമറിൽ ഒരു അണ്ണാൻ കയറിയതോടെ തീപിടുത്തവും തകരാറും ഉണ്ടായിരുന്നു.