ടൊറൻ്റോ : സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയെ നേരിടാൻ ഒരുങ്ങുകയാണ് ഗ്രേറ്റർ ടൊറൻ്റോ. കൊളറാഡോ ന്യൂനമർദം ഗ്രേറ്റ് ലേക്ക്സ് മേഖലയിലൂടെ നീങ്ങുന്നതിനാൽ ഈ വാരാന്ത്യത്തിൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച ലഭിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു. ബാരി, മസ്‌കോക്ക എന്നിവിടങ്ങളിൽ ഈ ശൈത്യകാലത്ത് വൻ മഞ്ഞുവീഴ്ചയുണ്ടായെങ്കിലും, ജിടിഎയിൽ ഇതുവരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ, ഈ വാരാന്ത്യത്തിൽ അത് മാറുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

മിസ്സിസാഗ, ബ്രാംപ്ടൺ, ടൊറൻ്റോ, ഹാൾട്ടൺ റീജനൽ, ദുർഹം മേഖല എന്നിവയുൾപ്പെടെ ജിടിഎയിൽ മഞ്ഞുവീഴ്ച ശനിയാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയാഗ്ര മേഖല, ഹാമിൽട്ടൺ, ദുർഹമിൻ്റെ കിഴക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. അതേസമയം തെക്കൻ ഒൻ്റാറിയോയിൽ ശനി, ഞായർ ദിവസങ്ങളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച രാത്രി ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഞായറാഴ്ചയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ ശനിയാഴ്ച ഉയർന്ന താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച പൂജ്യം ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഞായറാഴ്ച രാത്രി താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസായി താഴാം.