ഓട്ടവ : സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ മറികടന്ന്, ഡിസംബറിൽ നിന്നും 0.1% കുറഞ്ഞ് ജനുവരിയിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. നവംബറിലെ ഏറ്റവും ഉയർന്ന 6.8 ശതമാനത്തിന് ശേഷം തുടർച്ചയായ രണ്ടാം പ്രതിമാസ ഇടിവാണിത്. ജനുവരിയിൽ കാനഡയിലെ തൊഴിൽ വിപണിയിൽ 76,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതായും ഏജൻസി അറിയിച്ചു.

33,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത നിർമ്മാണ മേഖലയാണ് കഴിഞ്ഞ മാസം ഏറ്റവും വലിയ തൊഴിൽ നേട്ടം കൈവരിച്ചത്. പൊതുമേഖലയിൽ ജനുവരിയിൽ 8,400 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. അതേസമയം, എല്ലാ മേഖലകളിലുമായി, ജനുവരിയിൽ മുഴുവൻ സമയ തൊഴിൽ 35,000 വർധിച്ചു. 40,900 പാർട്ട് ടൈം ജോലികൾ കൂടി. ഡിസംബറിലെ നാല് ശതമാനം വളർച്ചയിൽ നിന്ന് ജനുവരിയിൽ പ്രതിവർഷം 3.5% എന്ന നിരക്കിൽ മണിക്കൂർ വേതനം വർധിച്ചു. അതേസമയം വേതന വളർച്ച മന്ദഗതിയിലായതായി ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിവർഷം 3.5% വർധന രേഖപ്പെടുത്തിയെങ്കിലും 2022 ഏപ്രിലിനു ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിതെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.