ഓട്ടവ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം ലിബറൽ പാർട്ടിയ്ക്കുള്ള പിന്തുണ വർധിച്ചതായി പുതിയ സർവേ റിപ്പോർട്ട്. എന്നാൽ, പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് വ്യക്തമായ മുന്നേറ്റം തുടരുന്നതായും ഏറ്റവും പുതിയ ഇപ്‌സോസ് റിസർച്ച് സർവേ റിപ്പോർട്ട് ചെയ്തു. ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ, സർവേയിൽ പങ്കെടുത്ത 41% പേർ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. ഭരണം നടത്തുന്ന ലിബറലുകളെക്കാൾ 13 പോയിൻ്റ് ലീഡാണിത്.

എന്നാൽ ജനുവരി ആദ്യം നടന്ന ഇപ്‌സോസിൻ്റെ സർവേയുമായി താരതമ്യപ്പെടുത്തുമ്പോൾ ലിബറൽ പാർട്ടിക്കുള്ള പിന്തുണ എട്ട് പോയിൻ്റ് വർധിച്ച് 28 ശതമാനമായതായി സർവേ കണ്ടെത്തി. അതേസമയം ഇതേകാലയളവിൽ കൺസർവേറ്റീവുകൾക്കുള്ള പിന്തുണ അഞ്ച് പോയിൻ്റ് കുറഞ്ഞു. ഇപ്‌സോസിൻ്റെ ഏറ്റവും പുതിയ സർവേയിൽ 16% പിന്തുണയോടെ ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റുകൾ മൂന്നാം സ്ഥാനത്താണ്. ഒമ്പത് ശതമാനവുമായി ബ്ലോക്ക് കെബെക്കോയിസാണ് തൊട്ടുപിന്നിൽ.

പ്രാദേശികമായി, പിയേർ പൊളിയേവിനും കൺസർവേറ്റീവ് പാർട്ടിക്കും കാര്യങ്ങൾ അനുകൂലമാണെന്ന് സർവേ പ്രവചിക്കുന്നു. കെബെക്ക് ഒഴികെ, മുൻ ലിബറൽ ശക്തികേന്ദ്രമായ അറ്റ്‌ലാൻ്റിക് കാനഡയിൽ ഉൾപ്പെടെ, രാജ്യത്തെ എല്ലാ മേഖലകളിലും കൺസർവേറ്റീവുകൾ മുന്നിട്ടു നിൽക്കുന്നതായി ഇപ്‌സോസിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. അറ്റ്‌ലാൻ്റിക് കാനഡയിൽ 43% പിന്തുണയോടെ വ്യക്തമായ ലീഡാണ് പിയേർ പൊളിയേവിൻ്റെ സ്വന്തമാക്കിയിട്ടുള്ളത്. ഒൻ്റാരിയോയിൽ, ലിബറലുകൾക്ക് 34 ശതമാനവും എൻഡിപിക്ക് 13 ശതമാനവും പിന്തുണ ലഭിക്കുമ്പോൾ 46% പിന്തുണയോടെ കൺസർവേറ്റീവ് പാർട്ടി ബഹുദൂരം മുന്നിലാണ്.