ടൊറൻ്റോ : ഒൻ്റാരിയോ പ്രവിശ്യ തിരഞ്ഞെടുപ്പിന് മൂന്നാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, പ്രോഗ്രസ്സീവ് കൺസർവേറ്റീവുകൾ ലിബറലുകളെക്കാൾ മികച്ച ലീഡ് നിലനിർത്തുന്നതായി പുതിയ സർവേ. ഡഗ് ഫോർഡ് നേതൃത്വം നൽകുന്ന പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പാർട്ടി 45.9% പിന്തുണയോടെ മത്സരയോട്ടത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയതായി നാനോസ് റിസർച്ച് പുറത്തിറക്കിയ പുതിയ സർവേ സൂചിപ്പിക്കുന്നു. 30.1% പിന്തുണയോടെ മുൻ മിസ്സിസാഗ മേയർ ബ്രോണി ക്രോംബി നയിക്കുന്ന ഒൻ്റാരിയോ ലിബറലുകൾ രണ്ടാം സ്ഥാനത്തുണ്ട്. എൻഡിപിക്ക് ഒൻ്റാരിയോ വോട്ടർമാരിൽ 15.7% പിന്തുണയുണ്ടെന്നും ഗ്രീൻ പാർട്ടിക്ക് 6.5% പിന്തുണയുണ്ടെന്നും സർവേ കണ്ടെത്തി.

എന്നാൽ ടൊറൻ്റോ നഗരത്തിൽ, പിസികളും ലിബറലുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇരുപാർട്ടികൾക്കും ഏകദേശം 36% പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ടൊറൻ്റോ നിവാസികളിൽ 21.8% പേർ ന്യൂ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുമെന്നും സർവേ സൂചിപ്പിക്കുന്നു. അതേസമയം ജിടിഎയിൽ ഉടനീളം, ബോണി ക്രോംബിയുടെ ലിബറലുകളെ വൻഭൂരിപക്ഷത്തിൽ ഫോർഡിൻ്റെ പിസികൾ മറികടക്കുമെന്ന് സർവേ കണ്ടെത്തി. ജിടിഎയിൽ ലിബറൽ പാർട്ടിക്ക് 34.7% പേരുടെ പിന്തുണ ലഭിച്ചപ്പോൾ പിസികൾ 48.9% പിന്തുണയോടെ ശക്തമായ ലീഡുണ്ടെന്ന് സർവേയിൽ പറയുന്നു. ജിടിഎയിൽ സർവേയിൽ പങ്കെടുത്തവരിൽ 12.1% പേർ മാത്രമാണ് എൻഡിപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞത്.
സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പുരുഷ വോട്ടർമാരും (53.7%) പ്രോഗ്രസ്സീവ് കൺസർവേറ്റീവുകൾക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഏകദേശം 24.2 ശതമാനം പേർ ലിബറലിന് വോട്ട് ചെയ്യുമെന്നും 14.4 ശതമാനം പേർ എൻഡിപിയെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. സ്ത്രീകളിൽ പ്രതികരിച്ചവരിൽ, 38.6% പേർ പിസികൾക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു. ലിബറലുകൾക്ക് 35.9% സ്ത്രീകൾ പിന്തുണ അറിയിച്ചപ്പോൾ 17.1% സ്ത്രീകൾ എൻഡിപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു.

പ്രീമിയറിനുള്ള ഏറ്റവും മികച്ച ചോയ്സ് ഫോർഡ്
പ്രീമിയർ മത്സരത്തിൽ ഫോർഡ് മുന്നേറ്റം തുടരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 39% പേരും പ്രവിശ്യയെ നയിക്കാൻ മുൻനിര ചോയിസായി ഫോർഡിനെ തിരഞ്ഞെടുത്തു. ബ്രോണി ക്രോംബിക്ക് 25.5 ശതമാനം പേരുടെയും എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസിന് 16.4 ശതമാനം പേരുടെയും പിന്തുണയുണ്ട്.