ടൊറൻ്റോ : ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള ഡഗ് ഫോർഡിൻ്റെ തീരുമാനത്തിൽ ഭൂരിപക്ഷം പ്രവിശ്യാ നിവാസികളും വിയോജിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. നാനോസ് റിസർച്ച് നടത്തിയ സർവേയിൽ പങ്കെടുത്ത പത്തിൽ ആറു പേരും നേരത്തെയുള്ള തിരഞ്ഞെടുപ്പിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായി കണ്ടെത്തി. 904 ഒൻ്റാരിയോ നിവാസികളിൽ നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ 63% പേരും നേരത്തെയുള്ള തിരഞ്ഞെടുപ്പിനെ എതിർക്കുന്നു. അതേസമയം 33% പേർ നേരത്തെയുള്ള തിരഞ്ഞെടുപ്പിനോട് അനുകൂലമായി പ്രതികരിച്ചു. എന്നാൽ, ഈ വിഷയത്തിൽ നാല് ശതമാനം പേർ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും സർവേ സൂചിപ്പിക്കുന്നു.

69.3% പേർ വിയോജിപ്പ് പ്രകടിപ്പിച്ച ടൊറൻ്റോയിലാണ് നേരത്തെയുള്ള തിരഞ്ഞെടുപ്പ് ആഹ്വാനത്തോടുള്ള എതിർപ്പ് ഏറ്റവും ശക്തമായതെന്ന് സർവേ വ്യക്തമാക്കുന്നു. ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളമുള്ള 60% (59.3 ശതമാനം) നിവാസികളും ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

പ്രവിശ്യയെ സംരക്ഷിക്കാൻ അടുത്ത നാല് വർഷത്തിനുള്ളിൽ “ശക്തമായ അധികാരം” ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിൽ നിന്ന് ഉയർന്നുവരുന്ന താരിഫ് ഭീഷണികൾക്കിടയിലാണ് ഫോർഡ് നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2026 ജൂണിലാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. പ്രാരംഭ നിശ്ചിത തിരഞ്ഞെടുപ്പ് തീയതിക്ക് ഒന്നര വർഷത്തിലേറെ മുമ്പ് ഫെബ്രുവരി 27-ന് പ്രവിശ്യയിൽ വോട്ടെടുപ്പ് നടക്കും.