ഫ്രെഡറിക്ടൺ : വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണമൊരുക്കുന്ന നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാമിൽ പങ്കാളിയായി ന്യൂബ്രൺസ്വിക്. പ്രവിശ്യയിലെ എല്ലാ കുട്ടികൾക്കും ഭക്ഷണം ലഭ്യമാക്കുന്നതിന് കാനഡയുടെ നാഷണൽ ഫുഡ് പ്രോഗ്രാം വഴി ഫെഡറൽ സർക്കാർ മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി 12 ലക്ഷം ഡോളർ അനുവദിച്ചതായി ഫെഡറൽ സാമൂഹിക വികസന മന്ത്രി ജെന്ന സഡ്സ് പ്രഖ്യാപിച്ചു. മാനിറ്റോബ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, ഒൻ്റാരിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകൾക്കൊപ്പം ഇതോടെ ന്യൂബ്രൺസ്വിക്കും അണിചേർന്നതായി മന്ത്രി അറിയിച്ചു. ഇതോടെ 160 ന്യൂബ്രൺസ്വിക് സ്‌കൂളുകളിലെ 57,000 കുട്ടികൾ ഉൾപ്പെടെ 241,000 കനേഡിയൻ കുട്ടികൾക്ക് സ്‌കൂളിൽ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാനഡയിലുടനീളമുള്ള 400,000 വിദ്യാർത്ഥികളെ കൂടി നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാമിലേക്ക് എത്തിക്കുക എന്നതാണ് മുന്നിലുള്ള ലക്ഷ്യമെന്നും ജെന്ന സഡ്സ് പറയുന്നു.

പ്രവിശ്യയിലെ നാല് കുട്ടികളിൽ ഒരാൾ പട്ടിണിയിലാണെന്നും നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാം വഴി ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും ന്യൂബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ട് പറഞ്ഞു. പ്രോഗ്രാം അധ്യാപകരെയും കുടുംബങ്ങളെയും വിദ്യാർത്ഥികളെയും സഹായിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.