ഓട്ടവ : കാനഡ-യുഎസ് വ്യാപാര പിരിമുറുക്കം രൂക്ഷമായതോടെ, യൂറോപ്പിലെ അടക്കം മറ്റ് സഖ്യകക്ഷികളുമായി വ്യാപാര ഉടമ്പടി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ് കാനഡ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്യും. കഴിഞ്ഞ ദശകത്തിൽ ഫെഡറൽ ഗവൺമെൻ്റ് ഒപ്പുവെച്ചതോ പുരോഗതി കൈവരിച്ചതോ ആയ ആഗോള വ്യാപാര ഉടമ്പടി കരാറുകൾ പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് ദിവസത്തെ ട്രൂഡോയുടെ യൂറോപ്യൻ സന്ദർശനം. യൂറോപ്യൻ യൂണിയനിലെ കാനഡയുടെ നാലാമത്തെ വലിയ ചരക്ക് കയറ്റുമതി വിപണിയായ ഫ്രാൻസിലായിരിക്കും ട്രൂഡോ ആദ്യം എത്തുക. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന AI ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. വിദേശ സന്ദർശനം അവസാനിപ്പിക്കുന്നതിന് മുമ്പ്, ട്രൂഡോ ബ്രസ്സൽസിൽ എത്തും. അവിടെ, അദ്ദേഹം കാനഡ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ മീറ്റിങ്ങിൽ പങ്കെടുക്കും.

യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ കാനഡ ദക്ഷിണ അമേരിക്കയിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇക്വഡോറുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇക്വഡോറുമായുള്ള നിലവിലെ വ്യാപാരം പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ടാണ്. ഇക്വഡോര്‍ കാനഡയിലേക്ക് വാഴപ്പഴം, കോക്കോ വിത്തുകള്‍, കടല്‍മല്‍സ്യങ്ങള്‍ എന്നിവ കയറ്റി അയക്കുമ്പോള്‍ കാനഡ ഗന്ധകം, ഗോതമ്പ്, ധാന്യങ്ങള്‍, പരിപ്പ് തുടങ്ങിയവയാണ് തിരികെ അയക്കും.

കണക്കുകള്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യാപാര ഉത്പന്നങ്ങളില്‍ പെട്രോളിയം, രാസവളങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. സേവന മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടെന്നതാണ് പ്രധാനകാര്യം. കാനഡയുടെ പരമ്പരാഗത വ്യാപാര പങ്കാളികളുമായുള്ള ചര്‍ച്ച ചിലയിടങ്ങളില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം ചീസ് വിപണിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് കാനഡയുമായുള്ള വ്യാപാര ചര്‍ച്ച ഉപേക്ഷിച്ചിരുന്നു. ബ്രിട്ടന്റെ തിരിച്ചു വരവ് കാനഡ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ നിലവില്‍ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര വികസനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുയാണെന്ന് ഫെഡറൽ രാജ്യാന്തര വ്യാപാര, സാമ്പത്തിക വികസന മന്ത്രി മേരി എങ് പറഞ്ഞു. ഇന്തോനേഷ്യയുമായി കരാര്‍ പൂര്‍ത്തിയാക്കിയതായും അതിനൊപ്പം ഫിലിപ്പൈന്‍സുമായി പ്രാഥമിക ചര്‍ച്ച ആരംഭിച്ചിരിക്കുകയാണെന്നും മേരി എങ് അറിയിച്ചു. ആസിയാന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇക്വഡോറുമായുള്ള കരാര്‍ ഒപ്പുവെച്ചു, കൂടാതെ മറ്റു വിപണികളിലേക്കും മുന്നോട്ട് പോകുമെന്നും അവര്‍ വിശദമാക്കി.