ഓട്ടവ : കൺസർവേറ്റീവ് പാർട്ടി ഭരണത്തിലെത്തിയാൽ നൂനവൂട്ട് ഇകാലുവിറ്റിൽ സ്ഥിരം സൈനിക താവളം നിർമ്മിക്കുമെന്ന് പിയേർ പൊളിയേവ്. ആർട്ടിക് സർക്കിളിനെ പ്രതിരോധിക്കുന്നതിനും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുമുള്ള വ്യോമസേനാ താവളമായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കനേഡിയൻ റേഞ്ചർമാരുടെ എണ്ണം ഇരട്ടിയാക്കി 4,000 അംഗങ്ങളാക്കുമെന്നും കനേഡിയൻ കോസ്റ്റ് ഗാർഡിനും റോയൽ കനേഡിയൻ നേവിയ്ക്കുമായി 2029-ഓടെ നാല് ഐസ് ബ്രേക്കറുകൾ വാങ്ങുമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ പിയേർ പറഞ്ഞു. കഴിഞ്ഞ വർഷം കോസ്റ്റ് ഗാർഡിനായി രണ്ട് പുതിയ ഐസ് ബ്രേക്കറുകൾ നിർമ്മിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ആ പദ്ധതികൾ പ്രാരംഭഘട്ടത്തിലാണ്.