ഓട്ടവ : ലിബറൽ പാർട്ടി പുതിയ ലീഡറെ തിരഞ്ഞെടുക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിലെ ഒരംഗം കൂടി അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. നീതിന്യായ മന്ത്രി ആരിഫ് വിരാനിക്ക് പിന്നാലെ രാജ്യാന്തര വ്യാപാര മന്ത്രി മേരി എൻജിയാണ് വീണ്ടും ജനവിധി തേടില്ലെന്ന് അറിയിച്ചത്.

2018 മുതൽ കാബിനറ്റിൽ സേവനമനുഷ്ഠിക്കുന്ന എൻജി, എന്തുകൊണ്ടാണ് മത്സരിക്കുന്നില്ല എന്നത് വ്യക്തമാക്കിയിട്ടില്ല. മാർക്കം-തോൺഹില്ലിൽ നിന്നും മുൻ ലിബറൽ കാബിനറ്റ് മന്ത്രി ജോൺ മക്കല്ലത്തിന് പകരമായി 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മേരി എൻജി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി വീണ്ടും ജനവിധി തേടില്ലെന്ന് ഫെഡറൽ നീതിന്യായ മന്ത്രിയും അറ്റോർണി ജനറലുമായ ആരിഫ് വിരാനി ഇന്ന് പ്രഖ്യാപിച്ചിരുന്നു.